എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാനല്ല സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണമാണ് പ്രഖ്യാപിച്ചത്. റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സർക്കാരിനു ഉള്ളതെന്നും വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സർക്കാർ നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇരകളെ അപമാനിക്കുന്ന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സാംസ്കാരിക മന്ത്രി അടിക്കടി നിലപാട് മാറ്റുന്നു. നിയമത്തിനു മുന്നിൽ വരേണ്ടവരെ സർക്കാർ തന്നെ സംരക്ഷിക്കുന്ന സ്ഥിതിയാണിപ്പോള്‍ കാണുന്നത്. സോളാർ കേസിൽ ഇതായിരുന്നില്ലല്ലോ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേജുകൾ ഓരോ ദിവസവും കുറഞ്ഞു വരികയാണ്. അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മുകേഷിനെതിരെ നിരന്തരം ആരോപണം വരുന്നുണ്ട്. അതിനാല്‍ ഗുരുതര ആരോപണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറണമെന്നും അന്വേഷണം നടത്തി തെറ്റുകാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.