മൃതദേഹങ്ങള്‍ വഹിച്ചുള്ള പ്രത്യേക വിമാനം നെടുമ്പാശേരിയിലെത്തി; തീപിടിത്തത്തില്‍ മരണം 50 ആയി

Jaihind Webdesk
Friday, June 14, 2024

 

കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. മൃതദേഹങ്ങളും വഹിച്ചുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും. പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചു. തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തത്.

പരുക്കേറ്റ് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി  അബ്ദുല്ല അൽ യഹിയ അറിയിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഏത് രാജ്യക്കാരാനാണ് മരിച്ചതെന്ന് വ്യക്തമല്ല. മരിച്ച മറ്റൊരാളുടെ മൃതദേഹം ഡിഎൻഎ പരിശോധനഫലം ലഭിച്ചശേഷം നാട്ടിലേക്ക് കൊണ്ടുവരും. ബിഹാർ സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.

മംഗാഫിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവും വഹിച്ചുള്ള പ്രത്യേക വിമാനമാണ് നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തത്. ഇതില്‍ 23 മലയാളികളുടേത് ഉള്‍പ്പെടെ 31 മൃതദേഹങ്ങള്‍ കൊച്ചിയില്‍ കൈമാറും. ആകെ 24 മലയാളികളാണ് കൊല്ലപ്പെട്ടത്. ഇതിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വർഷങ്ങളായി മുംബൈയിലാണു താമസം. ഇദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങ് മുംബൈയിലാണ്. തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹവും കൊച്ചിയിൽ കൈമാറും. 7 തമിഴ്നാട് സ്വദേശികളാണ് തീപിടിത്തത്തിൽ മരിച്ചത്. ഒരു കര്‍ണാടക സ്വദേശിയുടെ മൃതദേഹവും ഇവിടെവെച്ച് കൈമാറും. മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള ആംബുലന്‍സുകള്‍ സജ്ജമാക്കി. ഇതര സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോകുന്നവരുടെ മൃതദേഹങ്ങള്‍ക്ക് പൊലീസ് അകമ്പടി നല്‍കും. ‌കേരള അതിര്‍ത്തി കടക്കുംവരെ പോലീസ് അനുഗമിക്കും.

അതിനിടെ കഴിഞ്ഞ പത്തു മാസത്തിനിടെ ക്രമക്കേട് കണ്ടെത്തിയ 568 കെട്ടിടങ്ങളിലെ ബേസ്മെന്‍റുകൾ അടച്ചുപൂട്ടിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. വിവിധ കെട്ടിടങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 189 ബേസ്മെന്‍റുകളിൽ അനധികൃതമായി സൂക്ഷിച്ച സാധനങ്ങൾ നീക്കി. അനധികൃതമായി താമസിപ്പിച്ചവരെ ഒഴിപ്പിച്ചു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യത്തെ കെട്ടിടങ്ങളിൽ പരിശോധനകൾ കർശനമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി ഫഹദ് അൽ യൂസഫ് അൽ സബ്ഹ അറിയിച്ചു.