സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

Jaihind News Bureau
Monday, March 31, 2025

ത്യാഗത്തിന്‍റെയും സ്‌നേഹത്തിന്‍റെയും സന്ദേശം പകര്‍ന്നു സംസ്ഥാനത്തിന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും സ്‌നേഹവും സാഹോദര്യവും പങ്കിട്ട് നൂറുകണക്കിന് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. റംസാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷമെത്തുന്ന ചെറിയ പെരുന്നാള്‍ ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. സംസ്ഥാനത്ത് വിവിധിടങ്ങളില്‍ സംയുക്ത ഈദ്ഗാഹുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം നടത്തി.

കൊടുംചൂടിലും അദമ്യമായ ദൈവഭക്തിയോടെയാണ് എല്ലാ വിശ്വാസികളും നോമ്പ് കാലം പിന്നിട്ടത്. ആത്മീയമായും ശാരീരികമായും ശുദ്ധി വരുത്താനുള്ള സമയം കൂടിയായിരുന്നു അതെന്നും ഏവര്‍ക്കും ഊഷ്മളമായ ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സന്ദേശം നല്‍കി.

സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച ഒരു റംസാന്‍ കാലമാണ് കഴിഞ്ഞുപോയതെന്നും മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പര്‍ശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാനെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഈദ് സന്ദേശമെത്തി. നോമ്പുതുറക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്‌നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നില്‍ വയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയതെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പെരുന്നാള്‍ സന്ദേശം നല്‍കി.