ചികിത്സിക്കാനായി ഡോക്ടർ വരാത്തതിനെ തുടർന്ന് ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചു. പാനൂർ പോലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ മണ്ഡലത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ട് മാസം ഗർഭിണിയായിരുന്ന സമീറയ്ക്ക് രാവിലെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പാനൂർ സി.എച്ച്.സി യിൽ ബന്ധുക്കൾ എത്തി വിവരമറിയിച്ചു. എന്നാൽ കൊവിഡ് മാനദണ്ഡപ്രകാരം വീട്ടിലെത്തി ചികിത്സിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ഡോക്ടർ നൽകിയത്. ഡോക്ടർ വരാത്തതിനെ തുടർന്ന് വാക്കു തർക്കവും, ബഹളവും ഉണ്ടായി .
ഇതിനിടയില്‍ സമീറ പ്രസവിക്കുകയും കുഞ്ഞ് മരിച്ചു പോവുകയുമായിരുന്നു. ഡോക്ടര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തലശ്ശേരി ആശുപത്രിയിലായിരുന്നു യുവതി ഗര്‍ഭകാല ചികിത്സതേടിയിരുന്നത്. പെട്ടെന്ന് അവിടെ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അടിയന്തിര സഹായം എന്ന നിലയ്ക്കാണ് ബന്ധുക്കള്‍ സി എച്ച് സി യിലെ ഡോക്ടറെ സമീപിച്ചത്.
ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. എട്ടാംമാസത്തിലാണ് പ്രസവം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു.
ഇതിനിടയിൽ സമീറയുടെ ബന്ധുക്കൾ ആവശ്യപെട്ടതനുസരിച്ച് പൊലീസും ഫയർ ഫോഴ്സ് അധികൃതരും സി.എച്ച്.സി യുമായി ബന്ധപ്പെട്ടിട്ടും ഡോക്ടർ വീട്ടിലേക്ക് ചികിത്സിക്കാനായി വരാൻ തയ്യാറായില്ലെന്നും സമീറയുടെ ബന്ധുക്കൾ പറഞ്ഞു. സമീപത്തെ ക്ലിനിക്കിൽ നിന്നും നഴ്സുമാർ എത്തി പൊക്കിൾകൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പാനൂരിൽ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സി എച്ച്സിയിലേക്ക് മാർച്ച് നടത്തി. ഡി സി സി ജനറൽ സെക്രട്ടറി കെ പി സാജു മാർച്ച് ഉദ്ഘാടനം ചെയ്തു.
https://youtu.be/OPszBejI2ps