ദിലീപിന്‍റെ രാജി എ.എം.എം.എ ആവശ്യപ്രകാരം: മോഹന്‍ലാല്‍

Jaihind Webdesk
Friday, October 19, 2018

താൻ ആവശ്യപ്പെട്ടിട്ടാണ് ദിലീപ് രാജി വെച്ചതെന്ന് എ.എം.എം.എ പ്രസിഡന്‍റ് മോഹൻലാൽ. സ്ത്രീകളുടെ പരാതികൾ പരിശോധിക്കാൻ സംഘടനാതലത്തിൽ സംവിധാനമുണ്ടാക്കിയതായും നേതൃത്വം അറിയിച്ചു രാജിവെച്ചവരെ തിരിച്ചെടുക്കാൻ വീണ്ടും അപേക്ഷ നൽകണമെന്നും എ.എം.എം.എ നിലപാട് വ്യക്തമാക്കി.

ഡബ്ല്യു.സി.സിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ എ.എം.എം.എയുടെ അവൈലബിൾ എക്‌സിക്യൂട്ടീവ് ചേർന്നാണ് തീരുമാനങ്ങൾ എടുത്തത്. ദിലീപിന്‍റെ രാജി അംഗീകരിച്ചതോടെ ആ പ്രശ്‌നം അവസാനിച്ചതായി എ.എം.എം.എ വിലയിരുത്തുന്നു. ഡബ്ല്യു.സി.സിയുടെ പ്രധാന ആവശ്യവും ഇതായിരുന്നു.

കെ.പി.എ.സി ലളിത, കവിയൂർ പൊന്നമ്മ, കുക്കു പരമേശ്വരൻ എന്നിവർ അംഗങ്ങളായ സമിതി സ്ത്രീകളുടെ പരാതികൾ പരിശോധിക്കാൻ രൂപീകരിച്ചിട്ടുണ്ട്. രാജി വെച്ച നടിമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ തിരിച്ചെടുക്കാൻ അവർ വീണ്ടും അപേക്ഷ നൽകണം. പരസ്യമായി ആരോപണങ്ങളുന്നയിച്ച രേവതി, പാർവതി, പത്മപ്രിയ എന്നിവർക്കെതിരെ നടപടി എടുക്കണോ എന്ന് അടുത്ത മാസം 24 ന് ചേരുന്ന എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യും. ഉള്ളിൽ നിന്നുകൊണ്ട് ഈ മൂന്ന് നടിമാർ സംഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചർച്ചയിൽ അഭിപ്രായമുണ്ടായി.

ഡബ്ല്യു.സി.സി അംഗങ്ങളെ നടിമാർ എന്ന് വിളിച്ചത് സ്വാഭാവികമായ പ്രതികരണമായിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു. അതേസമയം ഇപ്പോഴത്തെ സംഭവങ്ങളിൽ കടുത്ത അസംതൃപ്തിയിലാണ് എ.എം.എം.എ പ്രസിഡന്‍റ് മോഹൻലാൽ. എല്ലാവർക്കും തന്നെ വേണമെന്ന് തോന്നിയാൽ മാത്രമേ സ്ഥാനത്ത് തുടരൂ എന്ന് വിശദീകരിച്ച അദ്ദേഹം കൂടുതൽ കാര്യങ്ങളിലേക്ക് കടന്നില്ല.

ജഗദീഷ് ഇറക്കിയ വാർത്താ കുറിപ്പും അതിന് വിരുദ്ധമായി സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനവും യോഗത്തിൽ ചർച്ചയായി. പ്രസിഡന്‍റിനോട് ആലോചിച്ചാണ് കാര്യങ്ങൾ ചെയ്തതെന്ന് ഇരുവരും അറിയിച്ചു. വാർത്താ സമ്മേളനമായതിനാൽ ചില ചോദ്യങ്ങൾക്ക് തന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണങ്ങൾ ഭിന്നതയായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന വിശദീകരണമാണ് സിദ്ദിഖ് നൽകിയത്.