തോറ്റ് തുടക്കം; കണ്ണീര്‍ വീഴ്ത്തി അര്‍ജന്‍റീന; വിറപ്പിച്ച് സൗദി അറേബ്യ

Jaihind Webdesk
Tuesday, November 22, 2022

ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകഫുട്‌ബോളിലെ വമ്പന്മാരെ സൗദി ടീം പിടിച്ചുകെട്ടിയത്. 1974 നുശേഷം ആദ്യമാണ് അര്‍ജന്‍റീന ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ വഴങ്ങിയത്. കഴിഞ്ഞ 36 മല്‍സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ ലോകകപ്പിനെത്തിയ അര്‍ജന്‍റീനയുടെ തോല്‍വി ആരാധകര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായി.

സൗദി അറേബ്യയും ഫുട്‌ബോള്‍ പ്രേമികളും ഈ ദിവസം ഒരിക്കലും മറക്കില്ല. ലോകകപ്പ് എന്ന സ്വപ്നവുമായി വന്ന അര്‍ജന്‍റീനയെ സൗദി എന്ന ഫുട്‌ബോളിലെ കുഞ്ഞന്മാര്‍ വിറപ്പിച്ച ദിവസമായി ഇന്ന് മാറി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു കൊണ്ട് അട്ടിമറിക്കാന്‍ സൗദി അറേബ്യക്ക് ഇന്ന് ആയി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദി അറേബ്യ ഇന്ന് വിജയിച്ചത്. അര്‍ജന്‍റീനയുടെ 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി. മത്സരം ആരംഭിച്ച അധിക നിമിഷങ്ങള്‍ വേണ്ടി വന്നില്ല അര്‍ജന്റീനയുടെ അറ്റാക്കുകള്‍ തുടങ്ങാന്‍. രണ്ടാം മിനുട്ടില്‍ തന്നെ അല്‍ ഒവൈസിന് സേവ് ചെയ്യേണ്ടി വന്നു. 12 യാര്‍ഡ്‌സിന് അകത്തു നിന്ന് മെസ്സി തൊടുത്ത ഷോട്ട് ആണ് സൗദി ഗോള്‍ കീപ്പര്‍ തടഞ്ഞത്. അധിക വൈകാതെ മെസ്സി തന്നെ അര്‍ജന്‍റീനയെ മുന്നില്‍ എത്തിച്ചു.

മെസ്സി ഗോള്‍ നേടുന്ന നാലാം ലോകകപ്പ് ആയി ഖത്തര്‍ ലോകകപ്പ് ഇതോടെ മാറി. 22ആം മിനുട്ടില്‍ ലയണല്‍ മെസ്സി രണ്ടാം ഗോള്‍ നേടി എങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അധികം വൈകാതെ 28ആം മിനുട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനസും അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി. ഇത്തവണയും ഓഫ്‌സൈഡ് ഫ്ലാഗ് അര്‍ജന്‍റീനയക്ക് എതിരായി നിന്നു. ഇവിടെയും ഓഫ്‌സൈഡ് ഫ്ലാഗ് ഉയരുന്നത് നിന്നില്ല. 34 ആം മിനുട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനസ് ഗോള്‍ നേടിയപ്പോഴും ഓഫ്‌സൈഡ് ഫ്ലാഗ് വന്നു. ആദ്യ പകുതിയില്‍ സൗദി അറേബ്യ ഇടക്ക് നല്ല മുന്നേറ്റങ്ങള്‍ നടത്തി എങ്കിലും ഒരു ക്ലിയര്‍ ചാന്‍സ് സൃഷ്ടിക്കാന്‍ ആയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി. പുതിയ ഊര്‍ജ്ജവും ആയാണ് സൗദി അറേബ്യ രണ്ടാം പകുതിയില്‍ ഇറങ്ങിയത്. 48ആം മിനുട്ടില്‍ അര്‍ജന്റീനയെ ഞെട്ടിച്ചു കൊണ്ട് സൗദിയുടെ സമനില ഗോള്‍ വന്നു.

പെനാള്‍ട്ടി ബോക്‌സില്‍ പന്ത് സ്വീകരിച്ച് അല്‍ ഷെഹരിയുടെ ഇടം കാലന്‍ ഷോട്ട് തടയാന്‍ എമിലിയാനോ മാര്‍ട്ടിനസിന് ആയില്ല. ഈ ഞെട്ടലില്‍ നിന്ന് കരകയറാന്‍ അര്‍ജന്‍റീനക്ക് സമയം കിട്ടിയില്ല. അതിനു മുമ്പ് സൗദി അറേബ്യ ലോക ഫുട്‌ബോളിനെ തന്നെ ഞെട്ടിച്ച് രണ്ടാം ഗോള്‍ നേടി.
53ആം മിനുട്ട് അല്‍ ദസാരിയുടെ സ്‌ട്രൈക്ക് മാര്‍ട്ടിനസിന് എന്നല്ല ആര്‍ക്കും തടയാന്‍ ആകുമായിരുന്നില്ല. സ്‌കോര്‍ സൗദി അറേബ്യ 2 അര്‍ജന്‍റീന. 1