മുണ്ടക്കയത്ത് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം; ഭീതിയില്‍ പ്രദേശവാസികള്‍

കോട്ടയം:  മുണ്ടക്കയത്ത് ജനവാസ മേഖലയ്ക്ക് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. മുണ്ടക്കയം ടിആർ& ടി എസ്റ്റേറ്റിലെ എഡികെ മേഖലയിലാണ് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി കാട്ടാനകൾ കൂട്ടമായി ഇറങ്ങിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ മുതൽ 14 ഓളം വരുന്ന കാട്ടാനകളാണ് ജനവാസ മേഖലയ്ക്ക് സമീപം കൂട്ടമായി നിൽക്കുന്നത്. കാട്ടാനയെ കാട്ടിലേക്ക് തിരിച്ചുവിടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഇത് വിഫലമാവുകയായിരുന്നു.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാലോളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കാട്ടാനകളെ കാട്ടിലേക്കു തിരിച്ചുവിടാൻ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. എട്ടോളം വരുന്ന കാട്ടാനകൾ ഇപ്പോഴും പ്രദേശത്ത് കൂട്ടമായി നിൽക്കുന്നുണ്ട് . 50 ലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തുനിന്ന് 100 മീറ്റർ അകലെയാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. മുൻപ് ഇവിടെനിന്നും 12 കിലോമീറ്റർ മാറി മതമ്പ ഭാഗത്ത് കാട്ടാനകൾ കൂട്ടമായി ഇറങ്ങിയിരുന്നു.

Comments (0)
Add Comment