ഹൃദയം പിളരുന്ന കാഴ്ച്ച; അഞ്ച് വയസുകാരിക്ക് കണ്ണീരോടെ വിട നല്‍കി കേരളം

Jaihind Webdesk
Sunday, July 30, 2023

കൊച്ചി : ഹൃദയം പിളരുന്ന കാഴ്ച്ച.  അഞ്ചു വയസുകാരിക്ക്കേരളം കണ്ണീരോടെ വിട നൽകി. അവസാനമായി കുഞ്ഞിനെ താൻ അക്ഷരങ്ങൾ എഴുതി പഠിച്ച കീഴ്മാട് തായ്ക്കാട്ടുകര എൽ.പി.സ്കൂൾ അങ്കണത്തിലേക്ക് എത്തിച്ചപ്പോൾ സങ്കടം നിയന്ത്രിക്കാനാവാതെ എല്ലാവരും പൊട്ടി കരയുകയായിരുന്നു. വിടരും മുമ്പെ കൊഴിഞ്ഞ ആ കുഞ്ഞ് പുഷ്പത്തിന്‍റെ വിയോഗം ഉൾക്കൊള്ളാൻ കഴിയാവുന്നതിലും അപ്പുറമായിരുന്നു.

കേരളത്തിന്‍റെ ഹൃദയ നൊമ്പരത്തിനെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയ ആയിരങ്ങൾക്ക് എല്ലാം ഏക സ്വരത്തിൽ അസ്ഫാക്ക് ആലം എന്ന ഇരുകാലി മൃഗത്തിന് എതിരെയുള്ള പ്രതിഷേധം തന്നെയായിരുന്നു. പരമാധി ശിക്ഷ ഇയാൾക്ക് ഉറപ്പ് വരുത്തണം എന്ന് മാത്രമായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്. ചേതനയറ്റ കുഞ്ഞിന്‍റെ മുഖം ഒരു നോക്ക് കാണാൻ കഴിയാത്ത മാനസിക അവസ്ഥയിലായിരുന്നു ഇവിടെ എത്തിയവരിൽ പലരും. ഇന്നലെ വൈകിട്ടോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇന്ന് രാവിലെയാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അഞ്ച് വയസുകാരി പഠിക്കുന്ന തായ്ക്കാട്ടുകര എൽ.പി.സ്കൂളിലേക്ക് എത്തിച്ചത്.

രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഇവിടേക്ക് എത്തിയിരുന്നു. വൈകാരികത നിറഞ്ഞ പൊതുദർശനത്തിന് ശേഷമാണ് കീഴ്മാട് പൊതുശ്മാശനത്തിലേക്ക് ചലനമറ്റ ചാന്ദ്നിയെ എത്തിച്ചത്. മതാചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. സ്നേഹിച്ച് ലാളിച്ച് വളർത്തിയ പൊന്നുമോൾക്ക് സ്വന്തം പിതാവ് അന്ത്യകർമ്മം ചെയ്തത് ശ്മശാനത്തിൽ തടിച്ച് കൂടിയ ആയിരങ്ങളുടെ കണ്ണ് നിറയിക്കുന്നതായി മാറി.