ജോയിക്കായി തിരച്ചില്‍: നാവികസേനയുടെ അഞ്ചംഗ സംഘം എത്തി

Jaihind Webdesk
Sunday, July 14, 2024

 

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍. കൊച്ചിയില്‍ നിന്നുള്ള നാവികസേന തലസ്ഥാനത്ത് എത്തി. ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം പ്രദേശത്ത് പരിശോധന നടത്തുന്നു. നാവികസേനയുടെ അഞ്ചംഗ മുങ്ങൽ വിദഗ്ധരാണ് എത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായത്. അഗ്നി രക്ഷാസേന, സ്കൂബ ഡൈവിംഗ്, എന്‍ഡിആര്‍എഫ് ടീമുകളുടെ തിരച്ചിലില്‍ 34 മണിക്കൂര്‍ പിന്നിട്ടിട്ടും മാലിന്യ കൂമ്പാരത്തില്‍ അകപ്പെട്ട ജോയിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് നേവി സംഘവും തിരച്ചിലിനായി തലസ്ഥാനത്ത് എത്തിയത്. അതേസമയം മാലിന്യത്തെ ചാെല്ലി റെയില്‍വേയും കോര്‍പ്പറേഷനും തമ്മിലുള്ള വാക്പോര് തുടരുകയാണ്.  മാലിന്യം നീക്കാത്തതിന്‍റെ ഉത്തരവാദിത്തം കോര്‍പറേഷനാണെന്ന് റെയില്‍വേ ആരോപിച്ചു. റെയില്‍വേയുടെ അധീനതയിലുള്ള ഭാഗം വൃത്തിയാക്കേണ്ടത് റയില്‍വേ തന്നെയെന്ന്  മേയറും വാദിക്കുന്നു.