സി.എം രവീന്ദ്രന്‍റെ അടുത്തബന്ധു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ; വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പ്രത്യേകസംഘം ; ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തല്‍

Jaihind News Bureau
Saturday, November 28, 2020

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡി ചോദ്യംചെയ്യലിനു വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ സഹോദരന്‍ കസ്റ്റംസില്‍. മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ജി.എസ്.ടി പി.ആര്‍.ഒയുമായ ഗോപിനാഥാണ് സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനിലക്കാരനായതെന്നാണ് ഇ.ഡി കണ്ടെത്തല്‍. രവീന്ദ്രന്‍ ചോദ്യംചെയ്യലിന് വഴങ്ങാതെ മാറിനില്‍ക്കുന്നതും ഇയാളുടെ സഹായത്താലാണെന്നാണ് സൂചന.

സി.എം രവീന്ദ്രന്റെ അമ്മയുടെ സഹോദരി പുത്രനാണ് ഗോപിനാഥ്. നേരത്തെ ഡിആര്‍ഐയും അതിനു മുന്‍പ് കസ്റ്റംസിലുമായിരുന്നു ഇയാള്‍. നിലവില്‍ കോഴിക്കോട് ജിഎസ്ടിയില്‍ പിആര്‍ഒയാണ്. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് കസ്റ്റംസ് കടമ്പ കടന്നുകിട്ടാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് വിവരം. വിമാനത്താവളങ്ങളിലെയും കൊച്ചി കസ്റ്റംസ് ആസ്ഥാനത്തെയും ഏതാനും ഉദ്യോഗസ്ഥരടങ്ങുന്നതാണ് ഈ സംഘം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശിവശങ്കറിന്‍റെയും രവീന്ദ്രന്‍റെയും  നേതൃത്തിലുള്ള സംഘത്തിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയേക്കും. കൊവിഡാനന്തര ചികിത്സകള്‍ക്കെന്ന പേരില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസം ആശുപത്രിവിട്ടതോടെയാണ് ഇ.ഡിയുടെ നീക്കം.