കോട്ടയം: അയർക്കുന്നത് 15 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അജേഷിന് 35 വർഷം കഠിനതടവും 2 ലക്ഷം രൂപയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി. ജീവപര്യന്തവും പോക്സോ കേസിലെ 20 വർഷം തടവും തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ഉള്ളതിനാൽ മൂന്നുവർഷത്തെ തടവും ഇയാൾ അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
2019 ജനുവരി 17-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. അയർക്കുന്നത്ത് ഹോളോബ്രിക്സ് സ്ഥാപനത്തിലെ ടിപ്പർ ലോറി ഡ്രൈവറായിരുന്നു അജേഷ്. തൈക്കൂട്ടം സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു പ്രതി. പെൺകുട്ടിയെ സ്ഥാപനത്തിലെ താമസ സ്ഥലത്തേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. മകളെ കാണാനില്ലെന്നു വീട്ടുകാർ പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ഫോണിലേക്ക് അജേഷ് വിളിച്ചിരുന്നുവെന്ന വിവരം ബന്ധുക്കൾ പോലീസിനു കൈമാറിയതാണ് കേസിനു തുമ്പായത്.
പ്രതി അജേഷ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് വിധി പറയുകയായിരുന്നു. 35 വർഷത്തെ കടിന തടവും 2 ലക്ഷം രൂപയുമാണ് ശിക്ഷ. ജീവപര്യന്തവും പോക്സോ കേസിലെ 20 വർഷം ഉൾപ്പെടെ ഉള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കാൻ അപ്പീലിന് പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ കോടതി ജഡ്ജി സാനു എസ്. പണിക്കരാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എം.എൻ. പുഷ്കരൻ ഹാജരായി.