ഓണ്‍ലൈന്‍ മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞ കേസ്; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

Jaihind Webdesk
Monday, September 26, 2022

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് പോലീസ് സ്റ്റേഷനിലാണ് നടന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിര്‍മാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടും.

രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങളുണ്ടെന്ന് നടന്‍ അറിയിക്കുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് വെച്ച്‌ അസഭ്യം പറയല്‍ എന്നീ വകുപ്പുകളടക്കം നാല് വകുപ്പുകളിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് സാധ്യത.