കളമശേരി സ്ഫോടനത്തിലെ വിദ്വേഷ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു

Jaihind Webdesk
Tuesday, October 31, 2023

 

കൊച്ചി: സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. കൊച്ചി സിറ്റി പോലീസ് ഐപിസി 153 എ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

കളമശേരിസ്ഫോടനത്തിന് പിന്നാലെ സംഭവസ്ഥലം സന്ദർശിച്ച ശേഷം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. തീവ്ര ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു. സമാധാനം ഉറപ്പാക്കാന്‍ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വമിപ്പിക്കുന്നതു വെറും വിഷമല്ല, കൊടും വിഷമാണ്. ഇതൊരു ആക്ഷേപമായല്ല, അലങ്കാരമായാണ് അദ്ദേഹം കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല, വിടുവായൻ പറയുന്നതു പോലെയാണു രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് അദ്ദേഹവും കൂട്ടാളികളും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരമാർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിൻ പരാതി നൽകിയിട്ടുണ്ട്. ഡിജിപിക്കാണ് പരാതി നൽകിയത്. ഇടത് മുന്‍ എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. എല്ലാവരും സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.