വർക്കലയില്‍ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് 31 കുപ്പി മദ്യം മോഷ്ടിച്ചു; മൂന്നംഗ സംഘത്തിനായി അന്വേഷണം

Jaihind Webdesk
Wednesday, December 14, 2022

 

തിരുവനന്തപുരം:  വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് അര ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. 31 കുപ്പി വിലകൂടിയ വിദേശനിര്‍മ്മിത മദ്യമാണ് മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. മൊബൈല്‍ ഫോണും മോഷ്ടിച്ചിട്ടുണ്ട്. വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്.

ഓഫീസിലെ ഫയലുകളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പൂട്ട് തകർത്തതിന് ശേഷം ഗ്രില്‍ വളച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഔട്ട്ലറ്റ് ഓഫീസില്‍ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലാണ് ഇവര്‍ 31 കുപ്പി മദ്യവും കടത്തിയത്. മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ ഔട്ട്ലെറ്റിലെ സി ടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. സമീപത്തെ കെട്ടിടത്തിലെ സിസി ടിവി പരിശോധിച്ചതോടെയാണ് മൂന്നുപേരാണ് മോഷണസംഘത്തിലെന്ന് പോലീസിന് മനസിലായത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.