തിരുവനന്തപുരം : സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയായിരുന്നു പ്രതിഷേധം. പൊന്നാനിയിലും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. പൊന്നാനി സ്വദേശി കൂടിയായ ടി.എം. സിദ്ദിഖിനെ സ്ഥാനാർത്ഥി ആക്കണം എന്നാണ് ആവശ്യം. ‘നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും’ എന്ന ഫ്ലക്സ് ഉയർത്തിയാണ് പ്രതിഷേധം.
ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിലും പടയൊരുക്കം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നേതൃത്വത്തിന് തലവേദനയായിരിക്കുന്നതിനിടെ പൊന്നാനിയില്‍ പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ഇടതുമുന്നണിയുടെ പ്രചരണത്തിന് നിശ്ചയിച്ചിരുന്ന ‘പടയൊരുക്കം’ എന്ന പേര് അക്ഷരാർത്ഥത്തില്‍ പാർട്ടിക്കുള്ളിലെ പോരിനെ തുറന്നു കാണിക്കുന്നതായി. മുഖ്യമന്ത്രി പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊന്നാനിയിലെ ‘പടയൊരുക്കം’. പോസ്റ്റർ യുദ്ധം സിപിഎമ്മില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെ ഉണ്ടായ പരസ്യ പ്രതിഷേധം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.