സ്വപ്നയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായി ; തെരഞ്ഞെടുപ്പില്‍ പ്രതിരോധിക്കാന്‍ പഴുതില്ലാതെ സർക്കാർ

Jaihind News Bureau
Friday, March 5, 2021

 

തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള വെളിപ്പെടുത്തലില്‍ വെട്ടിലായി സര്‍ക്കാര്‍. ജയില്‍ വകുപ്പിനെതിരായ ഗുരുതര ആരോപണങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ക്കടത്ത് കേസില്‍ പങ്കുണ്ടെന്നും സ്വപ്‌നയുടെ രഹസ്യമൊഴി ഇക്കാര്യം വ്യക്തമാക്കുന്നുവെന്നുമാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്. ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്‌നക്ക് ജയിലില്‍ ഭീഷണി ഉണ്ടെന്നും കസ്റ്റംസ് പറയുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് സാമ്പത്തിക ഇടപാടുകള്‍ക്കെല്ലാം പിന്നിലെന്നാണ് സ്വപ്നയുടെ  പ്രധാന മൊഴി. എന്നാല്‍ ഇയാള്‍ക്ക് ഉന്നത രാഷ്‌ട്രീയ പിന്‍ബലവും പിന്തുണയും ഉണ്ടായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരുടെ സഹായത്തോടെയാണ് കോണ്‍സുലേറ്റുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഈ ഇടപാടുകള്‍ക്കെല്ലാം ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

ഈ മൊഴി പ്രധാന തെളിവായി എടുത്താല്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കി, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താന്‍ കസ്റ്റംസിന് അധികാരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രി മാത്രമാണ്. നോട്ടീസ് നല്‍കി വിളിക്കുമ്പോള്‍ പിണറായി വിജയന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരാകുന്നില്ലെങ്കില്‍ പ്രത്യേക അധികാരമുപയോഗിച്ച് കസ്റ്റഡിയിലെടുക്കാനും കസ്റ്റംസിനു കഴിയും.