വനിതാ ആക്ടിവിസ്റ്റുകളുടെ ശബരിമല പ്രവേശനത്തെ സർക്കാർ പിന്തുണച്ചു : ഹൈക്കോടതി

Jaihind News Bureau
Friday, March 5, 2021

 

കൊച്ചി : വനിതാ ആക്ടിവിസ്റ്റുകളുടെ ശബരിമല പ്രവേശനത്തിന് സംസ്ഥാന സർക്കാർ പിന്തുണ നല്‍കിയെന്ന് ഹൈക്കോടതി പരാമർശം. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്പ്രേ അടിച്ച കേസിലെ ഉത്തരവിനിടെയായിരുന്നു കോടതിയുടെ പരാമർശം.

ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ വലിയ പ്രതിഷേധമുണ്ടായി. എന്നിരുന്നാലും കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്ന് കോടതി പറഞ്ഞു. ബിജെപി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവർക്ക് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പരാതിക്കാരിയുടെ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുധീന്ദ്ര കുമാർ മുൻകൂർ ജാമ്യം അനുവദിച്ചത്. ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്നും അംഗീകരിച്ച സത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2019 നവംബർ 26 നാണ് കേസിന് ആസ്പദമായ സംഭവം. തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാൻ സംരക്ഷണമാവശ്യപ്പെട്ട്  രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയപ്പോഴാണ് ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണമുണ്ടായത്.