തൊഴിലിനായി ഉദ്യോഗാര്‍ത്ഥികള്‍ തെരുവില്‍ ; മന്ത്രി ജയരാജന്‍റെ ഭാര്യാബന്ധുവിന് സര്‍ക്കാര്‍ അഭിഭാഷകനായി വഴിവിട്ട് നിയമനം

Jaihind News Bureau
Saturday, February 27, 2021

 

തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുമ്പോള്‍ ബന്ധുനിയമനം തുടര്‍ന്ന് സര്‍ക്കാര്‍. വ്യവസായമന്ത്രി ഇ.പി ജയരാജന്റെ ഭാര്യബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനായി വഴിവിട്ട് നിയമിച്ചു. ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്രബാബുവിനെയാണ് അഡീ. ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.  സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്‍ദ്ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് നിയമനം. ലോയേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ഘടകം നിര്‍ദേശിച്ചത് മറ്റുരണ്ടുപേരെയായിരുന്നു. എന്നാല്‍ അവരെ പരിഗണിച്ചില്ല.

രാജേന്ദ്രബാബുവിന് ക്രിമിനല്‍ പ്രാക്ടീസ് ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്രബാബു നിരവധി സര്‍ക്കാര്‍-നാഷണലൈസ്ഡ് സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസറാണ്. കിന്‍ഫ്ര,കെ.എസ്.എഫ്.ഇ. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് രാജേന്ദ്രബാബു ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നത്. ഈ നിയമനങ്ങളിലും സംശയം ഉയരുന്നുണ്ട്.