ഇഎംസിസിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധന കരാർ ജൈവവൈവിധ്യ നിയമത്തിന് എതിര് : ഉമ്മന്‍ വി ഉമ്മന്‍

Jaihind News Bureau
Saturday, February 27, 2021

 

ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസിയും കേരള സർക്കാരും തമ്മിലൊപ്പിട്ട കരാർ 2002ൽ രാജ്യത്ത് നിലവിൽ വന്ന ജൈവവൈവിധ്യ നിയമത്തിനെതിരാണെന്ന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുന്‍ ചെയർമാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍. 2008 ൽ ഈ നിയമം കേരളത്തിലും നിലവിൽ വന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുന്ന രീതിയിലാണ് കരാർ. യു എന്നിന്‍റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും എതിരാണ് നിലവിലെ കരാർ.

എസ്.ഡി.ജിയിലെ 14-ാമത്തെ ലക്ഷ്യം കടൽ സംരക്ഷിച്ച് സുസ്ഥിര വികസനത്തിന് വഴിയൊരുക്കുക എന്നതാണ്. 2020ഓടെ സമുദ്ര മലിനീകരണം, അനധികൃത മത്സ്യബന്ധനം തുടങ്ങിയവ തടഞ്ഞ് വികസനം കൊണ്ട് വരാനാണ് യുഎന്നിന്‍റെ പദ്ധതി. അമിത മത്സ്യബന്ധനം തടഞ്ഞ് ചെറുകിട മത്സ്യ തൊഴിലാളികൾക്ക് അവസരം നൽകും. മത്സ്യത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് യു.എന്നിന്‍റെ പ്രവർത്തനം. കടൽ സംരക്ഷിച്ച് തീരദേശ നിവാസികളുടെ ഉപജീവനമാർഗത്തെ മെച്ചപ്പെടുത്താൻ സർക്കാർ നിലപാടുകൾ സ്വീകരിക്കണം. അന്യ രാജ്യങ്ങളുടെ നേട്ടങ്ങൾക്ക് വേണ്ടി പ്രകൃതി നശിപ്പിക്കാൻ സർക്കാർ കൂട്ടുനിൽക്കരുത്.

1978 ൽ യു.എൻ കൺസള്‍ട്ടന്‍റായ ജോൺ കുരിയൻ ആഴക്കടൽ മത്സ്യബന്ധനം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് എഴുതിയി.ബിസിനസ് താത്പര്യങ്ങൾക്കു വേണ്ടി അന്യരാജ്യങ്ങളുടെ ഇടപെടലുകൾ കടലിലുണ്ടാക്കുന്ന നാശനഷ്ടങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. 25000ലധികം മത്സ്യ ഇനങ്ങൾ സമുദ്രത്തിലുണ്ട്. ആഴക്കടൽ മത്സ്യബന്ധനം സമുദ്രത്തിലെ സസ്യവർഗങ്ങളെയും മറ്റു ജീവജാലങ്ങലെയും ഇല്ലാതാക്കും. ഇത്തരം സസ്യജാലങ്ങളെ ആശ്രയിക്കുന്ന മത്സ്യങ്ങളും നശിക്കും. കാലാകാലങ്ങളായി മത്സ്യവ്യവസായം മാത്രം ചെയ്യുന്ന തൊഴിലാളികളുടെ വരുമാനമാർഗം ഇല്ലാതാകും. രാജ്യത്തിന്‍റെ ജൈവവൈവിധ്യങ്ങൾ സംരക്ഷിച്ച് സമ്പന്നത നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. പ്രകൃതിയെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും മഹാത്മാ ഗാന്ധി പറഞ്ഞത് നാം മറക്കരുത്.

”ആവശ്യത്തിനുള്ളതെല്ലാം പ്രകൃതി നൽകും, എന്നാൽ അത് ആർത്തി തീർക്കാനുള്ളതല്ല”. വരും തലമുറയ്ക്കുവേണ്ടി നമ്മുടെ പ്രകൃതിയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്. ഡോ. ഉമ്മന്‍ വി ഉമ്മന്‍ പറയുന്നു.