തിരുവനന്തപുരം : ആദ്യം അധിക്ഷേപിക്കുക പിന്നെ നിഷേധിക്കുക.. പ്രസ്താവനകള്‍ നടത്തുക പിന്നീട് അത് വിവാദമാവുമ്പോള്‍ ന്യായീകരിക്കുകയും നിഷേധിക്കുകയും ചെയ്യുക എന്നതാണ് എക്കാലവും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന് സ്വീകരിച്ചിട്ടുള്ള നയം. അത് തന്നെയാണ് ഇപ്പോഴും സംഭവിച്ചത്. കഴിഞ്ഞ ദിവസം പൊതുയോഗത്തില്‍ വളരെ വ്യക്തതയോടെ നടത്തിയ പ്രസംഗത്തില്‍ നിന്ന് പതിവ് പോലെ അദ്ദേഹം ഇന്ന് പിന്നോട്ടു പോയിരിക്കുകയാണ്.
ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയാണെന്നും എല്ലാവരും ഒരുമിച്ചുനിന്ന് ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കണമെന്നുമായിരുന്നു എ. വിജയരാഘവന് കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു മുക്കത്ത് നല്കിയ സ്വീകരണ യോഗമായിരുന്നു വിവാദ പ്രസംഗത്തിന് വേദിയായത്. ഒരു വര്‍ഗീയതയ്ക്കു മറ്റൊരു വര്‍ഗീയത കൊണ്ടു പരിഹാരം കാണാന്‍ കഴിയുമോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നത് അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കലാകുമെന്നും വിജയരാഘവന് പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചുള്ള പ്രസ്താവന വിവാദമായതോടെ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന ന്യായീകരണവുമായി വിജയരാഘവന് പതിവുപോലെ രംഗത്തെത്തി. ഭൂരിപക്ഷ സമുദായത്തിന്റെ പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങളെ പരമാവധി ആക്രമിക്കുക എന്ന നിലപാടാണ് സി.പി.എമ്മും വിജയരാഘവനും തുടക്കം മുതല്‍ സ്വീകരിച്ചു പോന്നത്. അത് തന്നെയാണ് പാണക്കാട് കുടുംബത്തെയും മുസ്ലീം ലീഗിനെയും വിജയരാഘവനും സി.പി.എമ്മും ആക്രമിക്കുന്നതിനു പിന്നിലെ ലക്ഷ്യവും. എല്ലാ കാലത്തും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ സി.പി.എമ്മിനെതിരെ തിരിഞ്ഞതു മുതലാണ് വര്‍ഗീയ പ്രീണന നയം പുറത്തെടുത്ത് വോട്ട് സമാഹരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നത്. സി.പി.എമ്മിന്റെ സ്വാധീന മേഖലകളിലെല്ലാം ബി.ജെ.പിയ്ക്ക് വളര്‍ച്ച കൂടുന്നു എന്ന റിപ്പോര്‍ട്ടും സി.പി.എമ്മില്‍ ആശങ്ക ഉണ്ടാക്കുന്നു.
വിജയരാഘവന്റെ ന്യൂനപക്ഷ വിരുദ്ധതയും സ്ത്രീവിരുദ്ധതയും മുമ്പേ കേരളം കണ്ടതാണ്. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ – സാമൂഹിക രംഗത്ത് ഏറെ ചര്‍ച്ചയായിരുന്നു. പാണക്കാട് കുടുംബത്തെയും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയെയും രമ്യ ഹരിദാസ് എം.പി സന്ദര്‍ശിച്ചതിനെ പറ്റി വളരെ മോശമായ വിജയരാഘവന്റെ പരാമര്‍ശം ഒരേ പോലെ ന്യൂനപക്ഷ വിരുദ്ധവും സ്ത്രീവിരുദ്ധവുമായിരുന്നു.
സി.പി.എം നയത്തിന് കടക വിരുദ്ധമായ ആശയമാണ് വിജയരാഘവന് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അനുമതിയോടെ വികസന മുന്നേറ്റ ജാഥയില്‍ ഉടനീളം പ്രസംഗിക്കുന്നത്. രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തില്‍ നിന്നും വ്യതിചലിച്ച് പ്രസംഗിച്ച വിജയരാഘവനോട് വിശദീകരണം ചോദിക്കാനോ താക്കീത് നല്‍കാനോ സി.പി.എം മുതിര്‍ന്നിട്ടില്ല. ഉന്നത സി.പി.എം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രസ്താവനകള്‍ വിജയരാഘവന് നടത്തുന്നതെന്നത് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.