കൊവിഡ് വാക്സിൻ വിഷയത്തിൽ വിദഗ്ധ സമിതി യോഗത്തിൽ അനുമതിയിൽ തീരുമാനമായില്ല. ജനുവരി ഒന്നിന് വിദഗ്ധ സമിതി വീണ്ടും ചേരും. ബയോടെക് നൽകിയ പരീക്ഷണ വിവരങ്ങൾ വിദഗ്ധ സമിതി പരിശോധിച്ചു. പരീക്ഷണ വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഫൈസർ ആവശ്യപ്പെട്ടു. ഫൈസറും, ഭാരത് ബയോടെകും അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അനുമതി ലഭിക്കാനുള്ള എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചിരിക്കുന്നത് ഓകസ്ഫഡ് വാക്സിനാണ്.
കഴിഞ്ഞ ദിവസം ബ്രിട്ടനിൽ വാക്സിന് സർക്കാർ അനുമതി നൽകിയതോടെയാണ് വിദഗ്ധ സമിതി യോഗം വിളിച്ചത്. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സി ഇ ഒ അദർ പൂനെവാല പ്രതികരിച്ചു. നാല് കോടി ഡോസ് വാക്സിനാണ് സിറം ഇതുവരെ നിർമ്മിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിൽ ഇതിനോടകം വാക്സിന്റെ ഡ്രൈറൺ നടത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ നൽകേണ്ടവരുടെ മുൻഗണന പട്ടികയും സർക്കാരുകൾ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.