കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. അതേസമയം ശിവശങ്കറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി ഉത്തരവിറക്കി.
കേസിൽ ശിവശങ്കർ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് ഇഡി കുറ്റപത്രം സമർപ്പിക്കുന്നത്. സ്വർണ്ണക്കടത്തിന്‍റെ പ്രധാന ആസൂത്രകരിൽ ഒരാൾ ശിവശങ്കറാണെന്നും കള്ളക്കടത്ത് സംഘത്തിനായി പ്രതി ഉന്നത പദവി ദുരുപയോഗം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. കേസിൽ സ്വപ്നാ സുരേഷ് അടക്കമുള്ള പ്രതികൾക്കെതിരായ കുറ്റപത്രം ഇഡി നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം എം ശിവശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്‌മെന്‍റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി.
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്‍റെയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം രൂപ കണ്ടുകെട്ടി. ഇക്കാര്യം ഇഡി കോടതിയെ അറിയിച്ചു. ഈ പണം ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി എം ശിവശങ്കറിന് കൈക്കൂലിയായി നൽകിയെന്നാണ്എൻഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പണം കണ്ടുകെട്ടിയത്. ശിവശങ്കറിന്‍റെ മറ്റ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കുന്നതായി ഇഡി കോടതിയിൽ അറിയിക്കും. എൻഫോഴ്‌സ്‌മെന്‍റ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കർ ഇപ്പോഴും റിമാൻഡിലാണ്.