നഷ്ടമായത് വിശ്വസ്തനായ സുഹൃത്തിനെയും സഹപ്രവർത്തകനെയും : സോണിയാഗാന്ധി ; നഷ്ടമായത് കോൺഗ്രസിന്‍റെ നെടുംതൂണ്‍ : രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, November 25, 2020

 

ന്യൂഡല്‍ഹി: അഹമ്മദ് പട്ടേലിന്‍റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ. അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. നഷ്ടമായത് വിശ്വസ്തനായ സുഹൃത്തിനെയും സഹപ്രവർത്തകനെയുമെന്ന് സോണിയ ഗാന്ധി അനുസ്മരിച്ചു. കോൺഗ്രസ് പാർട്ടിക്കായി ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വിശ്വാസ്യതയും ആത്മസമർപ്പണവും ജോലിയോടുള്ള പ്രതിജ്ഞാബദ്ധതയും മഹാമനസ്കതയും എപ്പോഴും സഹായത്തിനായി അവിടെയുണ്ടായിരിക്കുമെന്നുള്ളതുമാണ് മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തെ വേർതിരിച്ചു നിർത്തുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

അഹമ്മദ് പട്ടേലിന്‍റെ നിര്യാണ വാർത്ത സംഘടപ്പെടുത്തുന്നത് എന്ന് മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ്. കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വിശ്വസ്തനായ നേതാവും തന്‍റെ നല്ല സുഹൃത്തുമായിരുന്നു അഹമ്മദ് പട്ടേൽ. അദ്ദേഹത്തിന്‍റെ നിര്യാണം കോൺഗ്രസ് പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണ് എന്നും മൻമോഹൻ സിംഗ് പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവാണ് അഹമ്മദ് പട്ടേലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ അഹമ്മദ് പട്ടേൽ വഹിച്ച പങ്ക് എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടമായത് കോൺഗ്രസിന്‍റെ നെടുംതൂണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദ് പട്ടേലിന്‍റെ നിര്യാണ വാർത്ത രാജ്യത്തുടനീളമുള്ള കോൺഗ്രസുകാരില്‍ കടുത്ത വേദനയും ഞെട്ടലുമുണ്ടാക്കി എന്ന് സംഘടന കാര്യ ചുമതയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അനുസ്മരിച്ചു.

അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തോടെ നഷ്ടമായത് മാർഗദർശിയെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. വിശ്വസ്തനും അവസാനം വരെ ആശ്രയയോഗ്യനുമായിരുന്ന അദ്ദേഹത്തിന്‍റെ നിര്യാണം തീരാനഷ്ടമാണെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

നഷ്ടമായത് ആത്മസുഹൃത്തിനേയെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്‍റെ നഷ്ടമെന്ന് ഉമ്മൻചാണ്ടി.

അഹമ്മദ് പട്ടേലിനോടുള്ള ബഹുമാനത്തിന്‍റെ അടയാളമായി മൂന്ന് ദിവസത്തേക്ക് കോൺഗ്രസ് പാർട്ടി പതാക താഴ്ത്തിക്കെട്ടും. കെപിസിസിയുടെ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.