തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊടുവള്ളി നഗരസഭയിൽ വിമതനായി മത്സരിക്കുമെന്ന് സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതിയായ കാരാട്ട് ഫൈസൽ വ്യക്തമാക്കി. നേരത്തെ കൊടുവള്ളി നഗരസഭ 15ആം ഡിവിഷനിലേക്ക് സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസലിനെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജനരോഷം ഭയന്ന് സിപിഎം ഈ സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. ഇതേതുടർന്നാണ് പാർട്ടി വിമതനായി മത്സരിക്കാനുള്ള കാരാട്ട് ഫൈസലിന്റെ നീക്കം.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തങ്ങൾക്കു പങ്കില്ലെന്ന് സർക്കാറും ഇടതുമുന്നണിയും ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കൊടുവള്ളിയിൽ മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഒരുവിഭാഗം സിപിഎം പ്രവർത്തകരിൽ നിന്നും സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ നിന്നും ഉണ്ടായത്. കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫ് സ്വതന്ത്രനായി ഫൈസൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് കുന്നമംഗലം എംഎൽഎ പിടിഎ റഹീമാണ്.
കാരാട്ട് റസാഖ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനമെങ്കിലും വിമർശനം ശക്തമായതോടെ ജനരോഷം ഭയന്ന് കാരാട്ട് ഫൈസലിനെ സിപിഎം തള്ളി പറയുകയായിരുന്നു. മത്സരിക്കാനുറച്ച് ഫൈസൽ നേരത്തെ തന്നെ പ്രചാരണം ശക്തമാക്കിയിരുന്നു. ഇതിനിടയിലുള്ള സിപിഎം തീരുമാനത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ കാരാട്ട് ഫൈസൽ, പതിനഞ്ചാം ഡിവിഷനിൽ തന്നെ വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി. സ്വർണ്ണക്കള്ളക്കടത്ത് വിവാദത്തിൽ പ്രതിക്കൂട്ടിലായ സിപിഎമ്മിനെ കാരാട്ട് ഫൈസലിന്റെ സ്ഥാനാർഥിത്വം തള്ളാനും കൊള്ളാനും വയ്യാത്ത വിധം പ്രതിസന്ധിയിലാക്കിയി രിക്കുന്നു.