ഈന്തപ്പഴ വിതരണം: എം.ശിവശങ്കറിനെ 11 മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; നാളെ വീണ്ടും ചോദ്യം ചെയ്യും

Jaihind News Bureau
Friday, October 9, 2020

യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തു സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പതിനൊന്നു മണിക്കൂറിലേറെയാണ് കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്തത്. ശിവശങ്കർ കസ്റ്റംസ് ഓഫീസിൽനിന്നും മടങ്ങി.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ രാവിലെ 10.30-ഓടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി പത്ത് മണിയോടെയാണ് പൂർത്തിയായത്. 2017-ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിലായിരുന്നു ചോദ്യം ചെയ്യൽ.

എം ശിവശങ്കറിന്‍റെ നി‍ർദേശ പ്രകാരമാണ് യു എഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കൽ. ഈന്തപ്പഴ വിതരണത്തിന്‍റെ മറവിൽ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മാത്രവുമല്ല ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോക്കോൾ ലംഘനവും കസ്റ്റംസ് പരിശോധിക്കും.