കൊച്ചി : കൊച്ചിയിൽ മൂന്ന് അൽ ഖായ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അൽ ഖായ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട ഒമ്പത് പേര് പിടിയിലായി. ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻ.ഐ.എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിർമ്മാണ തൊഴിലാളികളായാണ് ഇവർ കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി തന്നെ ഇവരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഡല്‍ഹിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് ഡിജിറ്റൽ ഉപകരണങ്ങളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻ.ഐ.എ പറയുന്നു.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻ.ഐ.എ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. ഡല്‍ഹിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകൾ ഇവർ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന.