ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകി കേന്ദ്ര സർക്കാർ. അമ്പത് വർഷത്തേക്കാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത്. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തു.
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെയെല്ലാം ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും. ടെൻഡറിൽ കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം വികസിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
നടത്തിപ്പ് ചുമതല നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. കേരള സർക്കാർ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു കേരളം അറിയിച്ചിരുന്നത്. അതേസമയം തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന കേന്ദ്രസര്‍ക്കാരിന്‍റെ കോർപറേറ്റ് പ്രീണനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.