പിഡബ്ല്യുസിയെ ഒഴിവാക്കിയ നടപടി കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, July 18, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അസ്വഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചാണ് എല്ലാം ചെയ്‌തതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടും  ഇപ്പോള്‍ എന്തിനാണ് ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും ഈ കമ്പനിയെ ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തുടക്കം മുതല്‍ ഈ ഇടപാടിന്‍റെ കാണാപ്പുറങ്ങള്‍ കോണ്‍ഗ്രസ് തുറന്നു കാട്ടിയതാണ്. പക്ഷേ മുഖ്യമന്ത്രി അതിനെ പരിഹസിക്കാനാണ് ശ്രമിച്ചത്. കൂപ്പേഴ്‌സ് കമ്പനിയ്ക്ക് സെക്രട്ടേറിയറ്റിനുള്ളില്‍ ഓഫീസ് തുറക്കാനുള്ള അനുമതി ആരാണ് കൊടുത്തത്?. ഈ കമ്പനിയ്ക്ക് ബാംഗ്ലൂരിലെ ഏതെങ്കിലും ഐടി കമ്പനിയുമായി ബന്ധമുണ്ടോ?. ഇതൊക്കെ തന്നെ കേരളത്തിലെ ജനങ്ങളുടെ മനസിലുള്ള ചോദ്യങ്ങളാണ്. ഇവയ്‌ക്കെല്ലാം ഉത്തരം കണ്ടെത്താനും മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ അഴിമതികള്‍ പുറത്ത് കൊണ്ടുവരാനും സി.ബി.ഐ അന്വേഷണം തന്നെ വേണം. അതുകൊണ്ടാണ് തുടക്കം മുതല്‍ കോണ്‍ഗ്രസും യു.ഡി.എഫും എന്‍.ഐ.എ അന്വേഷണത്തോടൊപ്പം സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.