കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ് സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അതേസമയം സരിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാര്‍ നേരിട്ടാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ പത്ത് മണിക്കൂറോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. പ്രതികളുമായി തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ വിട്ടയച്ചത്. പ്രാഥമിക മൊഴി രേഖപ്പെടുത്തലാണ് ഇന്നലെ നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങൾ പരിശോധിക്കുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സന്ദീപിന്റെ സഹോദരൻ സ്വരൂപിനെ എന്‍.ഐ.എ ചോദ്യം ചെയ്യും. ഇയാളെ ഇന്ന് എന്‍.ഐ.എ ഓഫീസിലെത്തിക്കും. സന്ദീപിന്റെ സാമ്പത്തിക ഇടപാടുകളുമായി സ്വരൂപിനും ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ മൊഴിയെടുക്കുന്നത്.