കേന്ദ്രസസര്‍ക്കാരിന്റെ ഇന്ധനക്കൊള്ളയ്ക്കെതിരെ രോഷമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക കേരള ബന്ദ്. വിവിധ കേന്ദ്രങ്ങളില്‍ വാഹനം റോഡില്‍ നിര്‍ത്തിയിട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് പ്രതിഷേധം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്മാരായ കെ.എസ് ശബരീനാഥന് എംഎല്‍എ, എന്‍എസ് നുസൂര്‍, എസ്.എം ബാലു, ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോകത്ത് മറ്റൊരു രാജ്യത്തും ഇങ്ങനെ പെട്രോളിന് വില വർധിപ്പിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. ജനദ്രോഹപരമായ നടപടിയാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലവര്‍ധനവില്‍ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കാട്ടിയ മാതൃക ഇടത് മുന്നണി കാട്ടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധിക നികുതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വില വർധനവിന്റെ വറുതിയിലേക്ക് ജനങ്ങളെ തള്ളിവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലവർധനവ് ജനജീവിതത്തെ താറുമാറാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ധന വിലവർധനവിൽ സംസ്ഥാനത്തിന് സാമ്പത്തിക ലാഭമുണ്ടായതിനാലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടാത്തതെന്നും അദ്ദേഹം പറഞ്ഞു.
വില വർധനവിനെതിരായ പ്രതീകാത്മക ബന്ദ് പാലക്കാട് കളക്ടറേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ധനവില കുറയ്ക്കാതെ കേന്ദ്രസർക്കാർ നികുതി ഭീകരതയാണ് നടപ്പാക്കുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വഴിയെ സംസ്ഥാന സർക്കാരും കൊവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിച്ചതും അനീതിയാണ്. ഇന്ധന വില വർധനയ്ക്കെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഷാജി പാച്ചേരി നേതൃത്വം നൽകി. ആലപ്പുഴയില്‍ സമരത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് സരുൺ റോയി നേതൃത്വം നൽകി. കണ്ണൂർ കാൽടെക്സിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സുധീപ് ജയിംസ് തുടങ്ങിയവർ നേതൃത്വം നൽകി. തൃശൂർ മാളയിൽ ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് സമരത്തിന് നേതൃത്വം നൽകി. നഗര പരിധി കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ ജില്ലാ തല ഉദ്ഘാടന പരിപാടികൾ ഒഴിവാക്കിയിരുന്നു.
കൊച്ചി കെ.പി.സി.സി ജംഗ്ഷനിൽ പ്രതിഷേധം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എം.എൽ.എ, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷനായി. കോഴിക്കോട് 100 കണക്കിന് കേന്ദ്രങ്ങളില്‍ പ്രവർത്തകർ വാഹനങ്ങൾ നിർത്തി പ്രതീകാത്മക ബന്ദ് നടത്തി. ജില്ലാതല പരിപാടിക്ക് മാങ്കാവിൽ ജില്ലാ പ്രസിഡന്റ് ഷഹീൻ നേതൃത്വം നൽകി.
https://www.facebook.com/JaihindNewsChannel/videos/280914683139756
https://www.facebook.com/shafiparambilmla/videos/304264064035323/
https://www.facebook.com/JaihindNewsChannel/videos/645034236091112