‘സ്വന്തം സഹോദരങ്ങളെ നാട്ടിലെത്തിക്കാന്‍ അനുവദിക്കാതിരുന്ന സ്ഥലമായി കേരളം അറിയപ്പെട്ടുകൂടാ’; സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി ഡോ.ബി അശോക് ഐഎഎസ്

Jaihind News Bureau
Friday, May 29, 2020

 

പ്രവാസികളോടും ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളോടും സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ.ബി അശോക്. ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം.  മികച്ച ചികിത്സാ സൗകര്യവും സാങ്കേതിക വിദ്യകളും ലഭ്യമായ ഇവിടേക്ക് ഒരു രോഗത്തെ ഭയന്ന് സ്വന്തം സഹോദരങ്ങളെ നാട്ടിലെത്തിക്കാന്‍ അനുവദിക്കാതിരുന്ന സ്ഥലമായി കേരളം മാറരുതെന്ന് ‘കൊവിഡ് സമേത ജീവിതത്തിലേക്ക്’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ അദ്ദഹം പറയുന്നു.

‘ ലോക്ഡൗണ്‍ മാറികഴിഞ്ഞാല്‍ വാതിലുകള്‍ അടച്ച് കേരളത്തിന് മാത്രം സുരക്ഷിതമായി ഇരിക്കാനും സാധ്യമല്ല. അത് നമുക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലാവും ഫലത്തില്‍ ചെന്നെത്തുക. രാജ്യത്തിന്റെ പോസിറ്റീവ് കണക്കില്‍പ്പെടുന്ന മലയാളികള്‍ കേരളത്തില്‍ ചികിത്സ തേടുന്നതാണ് ഭേദം. ചികിത്സ സൗകര്യവും കഴിവും താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയാണുള്ളത്’-അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

അതേസമയം നേരത്തെയും സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ ഡോ.ബി അശോക് ലേഖനങ്ങളിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രവാസികളുടേയും ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടേയും നാട്ടിലേക്കുള്ള യാത്രയ്ക്ക് പ്രതികൂലമായി നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള കടുത്ത വിയോജിപ്പാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.