പ്രധാനമന്ത്രിക്ക് IAS ഉദ്യോഗസ്ഥന്‍റെ കത്ത്; KPMG ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

Jaihind Webdesk
Tuesday, September 4, 2018

കേരളത്തിന്റെ പുനർനിർമാണത്തിന് സർക്കാർ ചുമതലപ്പെടുത്തിയ കെ.പി.എം.ജിക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിക്കയച്ച കത്ത് വീണ്ടും ചർച്ചയാകുന്നു. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെ കമ്പനി സ്വാധീനിക്കുന്നെന്നും കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളിൽ കമ്പനി പങ്കാളിയാണെന്നും കത്തിൽ ആരോപണമുണ്ട്.

കെ.പി.എം.ജി ഇന്ത്യക്കെതിരായ ഗുരുതര പരമർശങ്ങളുള്ള കത്ത് ഒരു സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചത്. ബഹുരാഷ്ട്ര കമ്പനികൾക്ക് വേണ്ടി ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും ബന്ധുക്കൾക്ക് ഉയർന്ന പദവികളും വാഗ്ദാനം നൽകി അവിഹിത ഇടപെടലിന് കെ.പി.എം.ജി ശ്രമിക്കുന്നെന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

https://www.youtube.com/watch?v=P7_ZwOQXOdk

ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിൽ വൻ സ്വാധീനമുള്ള സ്ഥാപനമാണെന്നും അതിനാൽ കമ്പനിക്കെതിരായി പരാതി നൽകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഭയമാണെന്നും കത്തിൽ പറയുന്നുണ്ട്. ഒരു ജോയിന്റ് സെക്രട്ടറിക്ക് കൺസള്‍ട്ടൻസി സർവീസ് അവർക്ക് നൽകിയാൽ വൻ പണം കെ.പി.എം.ജി വാഗ്ദാനം ചെയ്‌തെന്നും കത്തിൽ ആരോപിക്കുന്നു. ഒമ്പതോളം ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ കെ.പി.എം.ജിയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇത് കമ്പനിയുമായി ഇവർക്കുള്ള ബന്ധം തെളിയിക്കുന്നെന്നും ഇതിൽ പറയുന്നുണ്ട്.

നഗര വികസന മന്ത്രാലയത്തിലെ മുൻ സെക്രട്ടറിയുടേയും അഡീഷണൽ സെക്രട്ടറിയുടേയും ബന്ധുക്കളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇതേ മന്ത്രാലയത്തിനെതിരെയാണ് കൂടുതൽ ആരോപണങ്ങളും കത്തിൽ ഉയർന്നിരിക്കുന്നത്. മന്ത്രാലയത്തിന്റെ സ്വഛ് ഭാരത്, ഹെറിറ്റേജ് സിറ്റി ഡെവലപ്‌മെന്റ് ആൻഡ് അഗ്മെന്റേഷൻ യോജന തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നത് കെ.പി.എം.ജി ആണെന്നും കത്തിൽ ആരോപിക്കുന്നു.

മെയ്ക്ക് ഇൻ ഇന്ത്യ, സ്മാർട് സിറ്റി മിഷൻ സ്റ്റാർട്ട് അപ് ഇന്ത്യ തുടങ്ങിയ നിരവധി കേന്ദ്ര സർക്കാർ പദ്ധതികളുമായി കെ.പി.എം.ജിക്ക് ബന്ധമുണ്ടെന്നും 5000 കോടി രൂപയ്ക്ക് മുകളിൽ കമ്പനിക്ക് ഇടപാടുകൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിലുണ്ട്. ആരോപണങ്ങൾ കമ്പനി നിഷേധിച്ചെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണമൊന്നും ഉണ്ടായില്ല. കൂടാതെ 3 ലക്ഷം കോടിയോളം രൂപയുടെ പദ്ധതികൾ അമേരിക്കൻ കമ്പനികളാണ് കൈകാര്യം ചെയ്യുന്നതെന്നും രാജ്യത്തെ നൂറിലധികം വരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുൾപ്പെടുന്നവരുടെ ബന്ധുക്കൾ ഈ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്.

അന്തർദേശീയതലത്തിലും കെ.പി.എം.ജി വിവിധ ക്രമക്കേടുകളുടെ പേരിൽ ആരോപണം നേരിടുന്നുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് പ്രധാനമായും കമ്പനിയുടെ പ്രവർത്തനങ്ങൾ അന്വേഷണങ്ങളിലേക്ക് നയിച്ചത്.