പൊലീസ് സ്റ്റേഷനുകളിലെ സിപിഎം പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം അവസാനിക്കുന്നില്ല. സി.പി.എം പ്രവർത്തകൻ പോലീസ് തൊപ്പി വെച്ച് ‘ന്യൂഇയർ’ സെൽഫി ആഘോഷമാക്കിയപ്പോൾ പുലിവാല് പിടിച്ചത് ചാലക്കുടി സ്റ്റേഷനിലെ പോലീസുകാർ. പുതുവർഷ രാത്രിയിൽ ചാലക്കുടി സ്റ്റേഷനിൽ വെച്ച് സി.പി.എം പ്രവർത്തകരെടുത്ത സെൽഫിയാണ് പോലീസുകാർക്ക് വിനയായത്.
ഗതാഗത നിയമം ലംഘിച്ച പലരേയും പുതുവർഷത്തലേന്ന് രാത്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പലയിടങ്ങളിലും ബഹളമുണ്ടാക്കിയവരെയും കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനുള്ളിൽ തിരക്ക് കൂടിയപ്പോൾ കുറച്ചു പേരെ പുറത്തിരുത്തി. ഇവരിൽ ഒരാളാകട്ടെ നിർത്തിയിട്ട ജീപ്പിൽ നിന്ന് തൊപ്പിവെച്ച് സെൽഫിയെടുത്ത് ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടു. ”പുതുവർഷം പോലീസ് സ്റ്റേഷനിലാണ്, ഞെട്ടലിൽ” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. തുടർന്ന് പോലീസുകാർ തന്നെ ഇടപെടുകയും ചിത്രം ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എന്നാൽ ഇതിനോടകം തന്നെ സ്പെഷ്യൽ ബ്രാഞ്ചിന് ഫൊട്ടോയെടുത്ത വിവരം കിട്ടി. ഇതേപ്പറ്റി അന്വേഷിച്ച് സംസ്ഥാന, ജില്ലാ സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്റ്റേഷനുള്ളിലും സി.പി.എം പ്രവർത്തകർക്ക് സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന വിമർശനം ഉയരുന്നുണ്ട്. നേരത്തെയും സമാനമായ സംഭവത്തില്‍ സി.പി.എം പുലിവാല് പിടിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.