കെ.എ.എസ് പരീക്ഷക്ക് കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരേ സർക്കാർ; ജോലിക്കെത്താതെ പരീക്ഷയെഴുതുന്ന ജീവനക്കാരെ അയോഗ്യരാക്കാൻ തീരുമാനം

Jaihind News Bureau
Thursday, January 16, 2020

Government-Secretariat

കെ.എ.എസ് പരീക്ഷക്ക് തയ്യാറെടുക്കാൻ അവധിയെടുത്ത സർക്കാർ ജീവനക്കാർക്കെതിരേ കടുത്ത നടപടികൾക്കൊരുങ്ങി പൊതുഭരണ വകുപ്പ്. ജിവനക്കാരുടെ കൂട്ട അവധി സെക്രട്ടേറിയേറ്റിന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നാരോപിച്ചാണ് നടപടി. അതേസമയം, സെക്രട്ടേറിയറ്റ് ജീവനക്കാരെ ബോധപൂർവം കെഎഎസിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിയാണ് ഇതെന്നാണ് ജീവനക്കാരുടെ ആരോപണം.

ഫെബ്രുവരി 22നാണ് കെഎഎസിന്റെ പ്രാഥമിക പരീക്ഷ. അവധിയിൽ പ്രവേശിച്ചിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർ പരീക്ഷ എഴുതുകയാണെങ്കിൽ അവരെ അയോഗ്യരാക്കണമെന്നാണ് പൊതുഭരണ സെക്രട്ടറിയുടെ കുറിപ്പ്. ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുകയോ അല്ലെങ്കിൽ ലീവ് റദ്ദു ചെയ്ത് ജോലിയിൽ പ്രവേശിക്കുകയോ ചെയ്യാൻ നിർദേശിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ അൻപതിലധികം അസിസ്റ്റന്റുമാർ ഉൾപ്പെടെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർ കെഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കാനായി അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നു കുറിപ്പിൽ പറയുമ്പോൾ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നിരുത്തരവാദപരമായ നടപടിയാണ് എന്നും സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ആരോപിക്കുന്നു.

സെക്രട്ടേറിയറ്റിലെ ജീവനക്കാരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന നടപടിയാണ് സർക്കാരിന്റേത്. സംസ്ഥാന സർക്കാരിലെ എല്ലാ ജിവനക്കാർക്കും പരീക്ഷ എഴുതാമെന്നിരിക്കെ സെക്രട്ടേറിയറ്റ് ജിവനക്കാരെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കുന്നത് എന്തിനാണ് എന്നും ഇവർ ചോദിക്കുന്നു.

https://www.youtube.com/watch?v=MwC0mk3ATEI