പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും മാവോയിസ്റ്റുകളെന്ന് സിപിഎം

Jaihind News Bureau
Saturday, December 14, 2019

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പൊലീസ് പിടിയിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച്‌ സിപിഎം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കാനം രാജേന്ദ്രനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. കോഴിക്കോട് പന്നിയങ്കരയിൽ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

പന്തീരാങ്കാവിലെ അലനും താഹയ്ക്കും എതിരെ യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ നിര്‍ണായക പ്രതികരണവുമായി സി.പി.എം. അലനും താഹയും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സ്ഥിരീകരണമാണ് സി.പി.എം നടത്തിയിരിക്കുന്നത്. താഹയുടെയും അലന്‍റെയും അറസ്റ്റിനു ശേഷം ഇത് ആദ്യമായാണ് പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് പൊതുയോഗത്തിൽ സിപിഎം വിശദീകരിക്കുന്നത്. പോലീസ് പിടിച്ചെടുത്ത രേഖകള്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് പൊലീസ് ഈ രേഖകള്‍ പിടിച്ചെടുത്തതെന്നും സി.പി.എം പറയുന്നു.

താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസിന്‍റെ സമ്മര്‍ദ്ദം മൂലമെന്ന വാദം തെറ്റാണെന്നും സി.പി.എം പറഞ്ഞു. താഹ ഈ മുദ്രാവാക്യങ്ങള്‍ സ്വയം വിളിച്ചതാണെന്നും പൊലീസ് ഇരുവരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സി.പി.എം ചൂണ്ടിക്കാട്ടി. കോഴിക്കോട് പന്നിയങ്കരയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സി.പി.എം നേതാവ് പി.കെ പ്രേംനാഥ് ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യോഗത്തില്‍ സി.പി.ഐയ്ക്കും പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തെറ്റെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍റേതും ശരിയെല്ലാം തനിക്കുമാണെന്നാണ് കാനം രാജേന്ദ്രന്‍റെ നിലപാടെന്നാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. രാജന്‍ കേസില്‍ പ്രൊഫ. ഈച്ചരവാര്യരോട് അനീതി കാട്ടിയവരാണ് സി.പി.ഐയെന്നും പിണറായി വിജയനെ വിമര്‍ശിക്കാന്‍ കാനത്തിന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു.