ഒരു വർഷത്തിനിടെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രയേൽ. സെപ്റ്റംബറിൽ നടന്ന രണ്ടാം തെരഞ്ഞെടുപ്പിനുശേഷവും ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മൂന്നാം തെരെഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് തെരഞ്ഞെടുപ്പു നടത്താനുള്ള പ്രമേയം ഇസ്രായേൽ പാർലമെൻറ് പാസാക്കി.
സർക്കാർ രൂപീകരിക്കാനുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചത്.
ഏപ്രിലിലും സെപ്റ്റംബറിലും നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ ലിക്വിഡ് പാർട്ടിക്കും എതിരാളി ബെന്നി ഗാൻറ്സിൻറെ ബ്ലൂ വൈറ്റ് പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
ഇരുപാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിക്കാൻ നെതന്യാഹു നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.
നിരവധി അഴിമതിക്കേസുകളിൽ ആരോപണ വിധേയനായ നെതന്യാഹു പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നാണ് ഗാൻറ്സിൻറെ നിലപാട്. ലിക്വിഡ് പാർട്ടിയിൽ നെതന്യാഹു തന്നെയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുക.
അതേസമയം തെരഞ്ഞെടുപ്പിനോട് വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്നത് അവ്യക്തമാണ് . ഇതിനിടെ അഴിമതി ആരോപണവിധേയനായ നെതന്യാഹു വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നതിനെ ചോദ്യം ചെയ്ത് കൊണ്ട് കോടതിയിൽ കേസ് എത്തി. വകുപ്പുകളുടെ ചുമതല ജനുവരിയിൽ ഒഴിയുമെന്നും എന്നാൽ തെരഞ്ഞെടുപ്പുവരെ കാവൽ പ്രധാനമന്ത്രിപദത്തിൽ നെതന്യാഹു തുടരുമെന്നും അറ്റോർണി ജനറൽ അറിയിച്ചു.