മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിച്ച് മഹാസഖ്യ സര്‍ക്കാര്‍; 169 വോട്ട് നേടി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു

Jaihind News Bureau
Saturday, November 30, 2019

മഹാരാഷ്ട്രയില്‍ മഹാസഖ്യ സർക്കാർ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ എതിര്‍ വോട്ടുകളില്ലാതെ തന്നെ വിശ്വാസ വോട്ടെടുപ്പില്‍ സഖ്യം വിജയം നേടുകയായിരുന്നു. പ്രോ ടെം സ്പീക്കർ ദിലീപ് വാൽസെ പാട്ടിൽ സഭ നടപടികൾ നിയന്തിച്ചു.

288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. എന്‍സിപിയുടെ 56, ശിവസേനയുടെ 54, കോണ്‍ഗ്രസിന്‍റെ 44 എംഎല്‍എമാര്‍ എന്നിങ്ങനെ മൂന്നു പാര്‍ട്ടികള്‍ക്കും കൂടി 154 എംഎല്‍എമാരാണുള്ളത്. കൂടാതെ മറ്റ് ചെറു കക്ഷികളും സ്വാതന്ത്രരും മഹാസഖ്യത്തെ പിന്തുണച്ചു.

ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പോയിന്‍റ് ഓഫ് ഓര്‍ഡര്‍ പ്രോ ടൈം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ തള്ളിക്കളഞ്ഞതിനെത്തുടര്‍ന്നാണ് സഭാ നടപടികള്‍ക്കിടെ പ്രതിപക്ഷ ബഹളമുണ്ടായത്. പ്രോ ടൈം സ്പീക്കര്‍ ഫഡ്നാവിസിനെ ശാസിക്കുകയും ചെയ്തു. സഭാ നടപടികള്‍ ചട്ടവിരുദ്ധമാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ ആരോപണം. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്കരിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആറു മന്ത്രിമാരും ഇന്നലെ ചുമതലയേറ്റിരുന്നു.

https://youtu.be/AIx5NVQlB5E