മരട് ഫ്ലാറ്റുടമകള്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനത്തെ തുടർന്നാണ് സമരം താല്‍ക്കാലികമായി നിർത്തിവെക്കുന്നത്. ഫ്ലാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നിയമനടപടികളും തേടാന്‍ യോഗത്തില്‍ ധാരണയായി. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. എന്നാല്‍ പൊളിക്കല്‍ നടപടികളുമായി ഉദ്യോഗസ്ഥരെത്തിയാല്‍ വീണ്ടും സമരത്തിനിറങ്ങാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.
അതേസമയം മരടിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ക്ക് താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചതായി നഗരസഭ അറിയിച്ചു. പുനരധിവാസം വേണ്ടവർ ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ നല്‍കണമെന്നായിരുന്നു മരട് നഗരസഭ അറിയിച്ചിരുന്നത്. എന്നാൽ ആരും സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കാത്തതിനെ തുടര്‍ന്ന് പുനരധിവാസം ആര്‍ക്കും ആവശ്യമില്ലെന്ന റിപ്പോർട്ട് നൽകുമെന്നും നഗരസഭ അറിയിച്ചു.