ആഷസ് പരമ്പരയിലെ അഞ്ചാമത്തതും അവസാനത്തേതുമായ മത്സരത്തിന് ഇന്ന് തുടക്കം. ഇതു വരെ നടന്ന നാല് മത്സരങ്ങളിൽ രണ്ടെണ്ണം ഓസീസ് ജയിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചത്. വൈകിട്ട് 3 30നാണ് മത്സരം.
പരമ്പരയിൽ 2-1 ന് പുറകിലുള്ള ഇംഗ്ലണ്ടിന് ഓവലിൽ നടക്കുന്ന മത്സരം അഭിമാന പോരാട്ടം കൂടിയാണ്. ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു.
രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിനെത്തുന്നത്. മോശം ഫോമിൽ തുടരുന്ന ജേസൺ റോയ്ക്ക് പകരക്കാരനായി സാം കരണും ക്രയ്ഗ് ഓവർടണിന് പകരക്കാരനായി ക്രിസ് വോക്സും ടീമിലിടം നേടി. ഷോൾഡറിനേറ്റ പരിക്ക് മൂലം സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിട്ടായിരിക്കും ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കളിക്കുക.
ഐസിസി ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ജേസൺ റോയ് ആഷസ് ടീമിലെത്തിയത്. എന്നാൽ നാല് മത്സരത്തിൽ നിന്നും 110 റൺസ് നേടാൻ മാത്രമേ റോയ്ക്ക് സാധിച്ചുള്ളു. അതേസമയം, ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് ജയിച്ച് പരമ്പരയിൽ 2-1ന്റെ ലീഡ് സ്വന്തമാക്കാൻ ഓസ്ട്രേലിയക്കായിരുന്നു. നാലാം ടെസ്റ്റിൽ185 റൺസിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇതോടെ അഞ്ചാം ആഷസ് ടെസ്റ്റിൽ തോറ്റാലും ആഷസ് കിരീടം ഓസ്ട്രേലിയക്ക് നിലനിർത്തനാവും.
ആഷസ് പരമ്പര നിലനിർത്താനായത് നല്ല കാര്യമാണ്. എന്നാൽ ഓസ്ട്രേലിയയുടെ ലക്ഷ്യം പരമ്പര സ്വന്തമാക്കുകയാണെന്നും അത് കൊണ്ട് തന്നെ അവസാന ടെസ്റ്റ് ജയിക്കാൻ ശ്രമിക്കുമെന്നും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു. ഇംഗ്ലനെതിരെയുള്ള അവസാന ആഷസ് ടെസ്റ്റ് തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നാണെന്നും ടിം പെയ്ൻ പറഞ്ഞു.
ആഷസ് പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.