വിവാദ നിയമനവുമായി വീണ്ടും സര്‍ക്കാര്‍. വൈദ്യുതി ബോർഡില്‍ നിന്ന് റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന് തെട്ടടുത്ത ദിവസം മുതൽ പുനർനിയമനം നൽകിയാണ് പുതിയ വിവാദത്തിന് സര്‍ക്കാര്‍ തിരികൊളുത്തിയിരിക്കുന്നത്. കെഎസ്ഇബിയിലെ ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടറായ പി കുമാരനെയാണ് ഡിസ്ട്രിബ്യൂഷൻ, ഐടി ആൻഡ് എച്ച്ആർഎം ഡയറക്ടറായി പുനർനിയമനം നടത്തിയിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലും സര്‍ക്കാര്‍ നടത്തുന്ന ഇത്തരം ക്രമവിരുദ്ധ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ഓഗസ്റ്റ് 31ന് സർവീസിൽ നിന്നും വിരമിച്ച പി. കുമാരന് സെപ്റ്റംബർ ഒന്നുമുതൽ പുനർനിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതും 31ന് തന്നെ. എന്നാൽ ഇത് നിലവിലുള്ള എല്ലാ ചട്ടങ്ങള്‍ ലംഘിച്ചാണെന്നും പാര്‍ട്ടിക്ക് പ്രിയപ്പെട്ടവന് എന്നതിനാലാണോ പുനര്‍നിയമനം അതോ കോൺട്രാക്ടറായ സഹോദരന്റെ താല്പര്യം സംരക്ഷിക്കാനാണോ എന്നതാണ് വിവാദമാകുന്നത്. സ്ഥാപനത്തിന് അത്രയേറെ അനിവാര്യമായതിനാലാണോ ഈ നിയമനമെന്നും സമൂഹമാധ്യങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുന്നു. കരാർ നിയമനങ്ങൾക്കെതിരെ പ്രസംഗിക്കുന്ന സിപിഎം തന്നെ ഇത്ര ഉന്നത പദവിയിലേക്ക് കരാർ നിയമനം നടത്തിയതിന് പിന്നിലെ താല്പര്യം എന്തായാലും സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയാണ്.
ഇദ്ദേഹത്തിന്റെ സഹോദരനായ കോൺട്രാക്ടറുടെ താല്പര്യം സംരക്ഷിക്കാനാണോ നിയമനം എന്ന ആക്ഷേപം ഉയർത്തി കോൺഗ്രസ് നേതാവ് വി ടി ബൽറാം എംഎൽഎയും നേരത്തെ രംഗത്തെത്തിയിരുന്നു. റിട്ടയർ ചെയ്ത ഒരു ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും മറികടന്ന് പുനർനിയമനം നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
വന്‍തുക ശമ്പള ഇനത്തിലും മറ്റും ചെലവാകുന്ന നിയമനത്തില്‍ പിന്നിൽ അഴിമതിയും സ്വാർത്ഥ താൽപര്യവും ആരോപിക്കുന്ന സോഷ്യല്‍ മീഡിയ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലും സര്‍ക്കാര്‍ നടത്തുന്ന ഇത്തരം ക്രമവിരുദ്ധ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.