സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാതെ വൈദ്യുതി ബോർഡ് ജീവനക്കാരെ കബളിപ്പിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി ജീവനക്കാരിൽനിന്ന് സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കെഎസ്ഇബി ഇതുവരെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ എസ് ഇബിയുടെ വിശദീകരണം.
കേരത്തിന്റെ പുനർ നിർമണത്തിനായി സാലറി ചാലഞ്ച് വഴി കെ.എസ്.ഇ.ബി ജീവനക്കാരിൽ നിന്ന് പിടിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും വൈദ്യുതി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല.
2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി വീതം ബോർഡ് കൈക്കലാക്കി. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് . 2018 ലെ പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന് ജീവനക്കാർ സ്വന്തം ശമ്പളത്തിൽ നിന്ന് പകുത്തു നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ലന്ന് ചുരുക്കം.
2018 സെപ്റ്റംബർ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസ മാസതവണകളായി നൽകിയത്. ഡാമുകൾ തുറന്നു വിടാൻ അവസാന നിമിഷം വരെ കാത്തിരുന്നൂവെന്ന ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.എസ്.ഇ. ബോർഡ് 36 കോടിയും ജീവനക്കാർ നൽകിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49. 5 കോടി രൂപ 2018 സെപ്റ്റംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് നേരത്തെ കൈമാറിയിരുന്നു.ഇതിന് പുറമേയാണ് സാലറി ചാലഞ്ച് വഴി സമാഹരിച്ച തുക കൈമാറാതിരുന്നത്. സർക്കാർ നൽകുന്ന ഔദ്യോഗിക ധനസഹായക്കണക്കു പ്രകാരം മൂവായിരത്തിൽ അധികം വീടുകൾ നിർമിക്കുന്നതിന് ഉപകാരപ്പെടുന്ന തുകയാണ് കെ.എസ്.ഇ.ബി കൈമാറാതിരിക്കുന്നത്.
അതേസമയം, ദുരിതാശ്വാസം കൈമാറാത്തതിന് വിചിത്ര ന്യായീകരണമാണ് കെ.എസ്.ഇ.ബി ചെയര്മാന് നൽകിയത്. ബോര്ഡിന്റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് തുക കൈമാറാത്തതെന്നാണ് ചെയർമാന്റെ വിശദികരണം