രാജ്യത്ത് വിദേശനിക്ഷേപം കുമിയുന്നെന്ന് നിര്‍മല സീതാരാമന്‍; ഞങ്ങള്‍ ആത്മഹത്യയുടെ വക്കില്‍, നിങ്ങള്‍ രാജിവെച്ചാല്‍ ഒരുപക്ഷെ മാറ്റമുണ്ടായേക്കുമെന്ന പ്രതികരണവുമായി ബി.ജെ.പി അനുഭാവികളായ വ്യവസായികളും

Saturday, August 3, 2019

രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിക്കുകയാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ട്വീറ്റിനെതിരെ ബി.ജെ.പി അനുഭാവികളായ വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുടെ രോഷപ്രകടനം. നിർമല സീതാരാമന്‍റെ ട്വീറ്റിന് താഴെ നിരവധി വ്യവസായികളാണ് കടുത്ത വിമര്‍ശനവും ആശങ്കയും രോഷവും പങ്കുവെച്ച് രംഗത്തെത്തിയത്.

ഒരു വ്യവസായിയുടെ കൂടി ആത്മഹത്യ സ്ഥിരീകരിച്ച അന്നുതന്നെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ മഹത്വവത്ക്കരിക്കാനുള്ള ധനമന്ത്രിയുടെ ശ്രമം എത്ര നാണം കെട്ടതാണ്. ഇപ്പോഴും യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്ന സമീപനമാണ് ഇവര്‍ പുലർത്തുന്നതെന്നും, ട്വീറ്റ് അനവസരത്തിലുള്ളതും ലജ്ജയില്ലാത്ത മനോഭാവത്തെ കാണിക്കുന്നതാണെന്നും റിതേഷ് എന്നയാള്‍ പ്രതികരിച്ചു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാർത്ഥയുടെ ആത്മഹത്യ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.

നിങ്ങള്‍ രാജിവെക്കുകയാണെങ്കില്‍ അത് ഓഹരിക്കും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്തേക്കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഞങ്ങള്‍ വോട്ട് ചെയ്തത് പ്രവർത്തിക്കാനാണെന്നും നിക്ഷേപകരോട് സംസാരിക്കുമ്പോള്‍ അല്‍പം പോസിറ്റീവ് മനോഭാവമെങ്കിലും പുലർത്താനും ഇദ്ദേഹം വിമർശിക്കുന്നു.

എല്ലാ നിക്ഷേപകരും കരയുകയാണ്… ഫ്‌ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ടിന് വിറ്റത് കാരണമാണ് നിലവിലെ മാറ്റം. സര്‍ക്കാരിന് എന്ത് പങ്കാണ് പറയാനുള്ളത് ? താഴേത്തട്ടിലെ സ്ഥിതി വളരെ മോശമാണ്. രാജ്യത്തെ ഓര്‍ത്തെങ്കിലും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഞങ്ങള്‍ തൊഴില്‍ രഹിതരാകും – മറ്റൊരാള്‍ പ്രതികരിച്ചു.

എന്താണ് നിങ്ങളുടെ ലക്ഷ്യം? എത്ര വ്യവസായികളെയും നിക്ഷേപകരെയുമാണ് നിങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കുന്നത്? ഇതുവരെ കര്‍ഷക ആത്മഹത്യകള്‍ മാത്രമായിരുന്നു… ഇപ്പോള്‍ വ്യവസായികളും ഗതികേടിലായി… നേഹ എന്നയാള്‍ ട്വീറ്റ് ചെയ്തു.

ഞാനൊരു ബി.ജെ.പി അനുഭാവിയാണ്. പക്ഷെ രാജ്യത്തിന്‍റെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നത് ഏത് തരത്തിലാണെന്ന് മനസിലാകുന്നില്ല. ബജറ്റിന് ശേഷം വിപണി തകിടം മറിഞ്ഞിരിക്കുകയാണ്. ദയവായി ഈ സാഹചര്യം വിലയിരുത്തൂ എന്ന് ജിതേന്ദ്ര ജെയിന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു.

എഫ്.എം (FM) എന്നതിന് പുതിയ നിർവചനം കൈവന്നിരിക്കുന്നു. ഫെയില്‍ഡ് മിനിസ്റ്റര്‍. എന്തെങ്കിലും പ്രവര്‍ത്തിക്കൂ – എന്നായിരുന്നു ഒരാളുടെ പ്രതികരണം.

ഈ സ്ത്രീ ധനവകുപ്പ് കൈകാര്യം ചെയ്യാന്‍ പര്യാപ്തയല്ല. ദയവ് ചെയ്ത് സാമ്പത്തികശാസ്ത്രം അറിയാവുന്ന ആരെയെങ്കിലും ധനമന്ത്രിയായി നിയമിക്കൂ. കാര്യപ്രാപ്തിയില്ലാത്ത ഈ മന്ത്രി കാരണം എല്ലാ മേഖലകളും തകരുകയാണെന്നും ചിലര്‍ രൂക്ഷ വിർശനം ഉന്നയിച്ചു.

സാധാരണക്കാര്‍ വ്യവസായ യൂണിറ്റുകള്‍ പൂട്ടുന്നു. ഓട്ടോമൊബൈല്‍ സെക്ടര്‍ കഴിഞ്ഞ മൂന്ന് മാസമായി തകര്‍ച്ചയെ നേരിടുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ ഇടപെടണമെന്ന് മറ്റൊരാള്‍ പറയുന്നു. സമ്പദ്‌വ്യവസ്ഥയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണെന്ന് നിര്‍മല സീതാരാമനെന്നും ചിലര്‍  കുറ്റപ്പെടുത്തി.

വിദേശനിക്ഷേപം കുമിഞ്ഞുകൂടുന്നതുകൊണ്ടാണ് ബിസിനസുകാര്‍ ദിവസേന ആത്മഹത്യ ചെയ്യേണ്ടിവരുന്നതെന്ന് മറ്റൊരാള്‍ പരിഹസിച്ചു.

തെറ്റായ സാമ്പത്തികനയം കാരണമാണ് വ്യാപാരമേഖല തകർന്നടിയുന്നതെന്ന് ചൂണ്ടിക്കാട്ടിയും കാര്യപ്രാപ്തിയില്ലാത്ത നിര്‍മല സീതാരാമനെ മാറ്റണമെന്ന ആവശ്യമുയര്‍ത്തിയും ഉള്ള പോസ്റ്റുകളാണ് ഓരോ മിനിറ്റിലും വന്നുകൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ബിസിനസുകാര്‍ക്കിടയില്‍ ഉള്ളത്.