മലബാറിലെ മുളയുൽപ്പന്ന നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിൽ. ഉൽപാദനത്തിന് ആവശ്യമായ മുള ലഭിക്കാത്തതും ഇടനിലക്കാരുടെ ചൂഷണവുമാണ് ഈ തൊഴിൽ മേഖലയെ തകർക്കുന്നത്. കുടിൽ വ്യവസായങ്ങളെ സംരക്ഷിച്ചു നിർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതും ഇവർക്ക് തിരിച്ചടിയായി.
പരമ്പരാഗത കുടിൽ വ്യവസായമായാണ് മുള ഉല്പന്ന നിർമ്മാണമേഖലയും അറിയപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ നിരവധി കുടുംബങ്ങളാണ് മുള ഉല്പന്ന നിർമ്മാണമേഖലയെ ആശ്രയിച്ച് കഴിയുന്നത്. മുള ഉപയോഗിച്ച് കുട്ട, മുറം, പായ, തുടങ്ങിയ ഉല്പന്നങ്ങളാണ് ഇവർ പ്രധാനമായും നിർമ്മിക്കുന്നത്. ഈ ഉല്പന്നങ്ങൾ വിറ്റു കിട്ടുന്ന തുക കൊണ്ടാണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്.എന്നാൽ പ്ലാസ്റ്റിക്ക്, ചൈനീസ് ഉൽപനങ്ങളുടെ കടന്നുവരവ് ഈ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. മുളയുടെ ക്ഷാമമാണ് ഇവർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.
കാട്ടിൽ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതിനാൽ മുളയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതും ഇവർക്ക് തിരിച്ചടിയായി.ഇത് കൂടാതെ തൊഴിലാളികളെ ചൂഷണം ചെയ്ത് ഇടനിലക്കാർ വൻ ലാഭം കൊയ്യുന്നതും പതിവാണെന്നും ഇവർ പറയുന്നു.
പ്രകൃതിയോട് ഇണങ്ങിച്ചേർന്നു നിൽക്കുന്ന ഇത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുളയല്പന്നങ്ങൾ വില്പന നടത്തിയാൽ ലഭിക്കുന്ന വരുമാനം കുറഞ്ഞതോടെ പല കുടുംബങ്ങളും ഈ പരബരാഗ തൊഴിൽ ഉപേക്ഷിക്കുകയാണ്. സർക്കാർ വിഷയത്തിൽ ഇടപെട്ട് സത്വര നടപടികൾ സ്വീകരിക്കമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉയർത്തുന്നത്.
https://youtu.be/WwwBqWCX2Lo