കല്ല്യോട്ട് പ്രദേശത്ത് വീണ്ടും അശാന്തി സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢശ്രമം തീക്കൊള്ളിക്കൊണ്ട് തല ചൊറിയുന്നതിന് തുല്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കല്യോട്ടെ രണ്ട് യുവാക്കളുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിക്കൂട്ടിലുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കാക്കിക്കുള്ളില്‍ കമ്യൂണിസം സൂക്ഷിക്കുന്ന ഏതാനും പോലിസുകാരും കഴിഞ്ഞ ദിവസം കല്ല്യോട്ട് നടത്തിയ നരനായാട്ട് അംഗീകരിക്കാനാവില്ല. കള്ളക്കേസില്‍ കുടുക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്റ്റേഷന്റെ പുറത്ത് രഹസ്യസങ്കേതത്തില്‍ വെച്ച് അതിക്രൂരമായി തല്ലിച്ചതക്കുകയാണുണ്ടായത്. ഇത് തീര്‍ത്തും മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അക്രമികള്‍ക്കെതിരെ പാര്‍ട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്ന ചിലരുടെ മനോഭാവത്തിന് അവര്‍ വലിയ വിലകൊടുക്കേണ്ടി വരും. ഇത്തരത്തില്‍ അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് എന്നും കമ്യൂണിസ്റ്റ് ഭരണത്തിന്റെ തണലുണ്ടാകുമെന്ന് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം ഓർപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയും പോലീസും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ അക്രമ പ്രവര്‍ത്തനം. കല്യോട്ടെ യുവജന വാദ്യസംഘം ഓഫീസ് അക്രമി സംഘം അടിച്ച് തകര്‍ക്കുമ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വിപുലമായ പോലീസ് സന്നാഹം നിസംഗതയോടെ നോക്കില്‍ക്കുകയായിരുന്നു ചെയ്തത്. നിരപരാധികളെ ക്രൂരമായി അക്രമിച്ച് പോലീസ് കൊണ്ടുപോയപ്പോള്‍ അവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട സ്ത്രീകള്‍ക്ക് നേരെ പോലീസ് വണ്ടി ഓടിച്ചുകയറ്റി സാരമായ പരിക്കേല്‍പ്പിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന് കൃഷ്ണനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം ഗുരുതരമായ അക്രമങ്ങളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
കല്ല്യോട്ട് അക്രമണം നടന്ന പ്രദേശങ്ങളിലും അക്രമത്തില്‍ പരിക്കുപറ്റിയവരെയും കെ.പി.സി.സി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സ്റ്റീല്‍ ബോംബ് ആക്രമണമുണ്ടായ യൂത്ത് ക്രോണ്‍ഗ്രസ് പ്രവര്ത്തകന് ദീപുവിന്റെ വീട്ടിലും പോലീസ് വണ്ടി ഇടിച്ച് സാരമായി പരിക്കേറ്റ സീനയുടെ വീട്ടിലും മാര്‍ക്സിസ്റ്റ് ഭീഷണിക്ക് വിധേയനായ കൃഷ്ണന്റെ വീട്ടിലും സ്തൂപങ്ങളും പതാകകളും തകര്‍ക്കപ്പെട്ട കേന്ദ്രങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
കല്ല്യോട്ട് അരങ്ങേറിയ അക്രമ സംഭവങ്ങള്‍ വിലയിരുത്താനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാനും ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി നേതൃത്വത്തെയും കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനേയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ കല്ല്യോട്ടെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തും. അക്രമം തുടരാനാണ് ഭാവമെങ്കില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ അതിനെ നേരിടാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് മുന്നറിയിപ്പ് നല്കി.