കണ്ണൂർ തളിപ്പറമ്പ് പാമ്പുരുത്തിയിലെ സി.പി.എമ്മിന്‍റെ കള്ളവോട്ട് വാദം പൊളിഞ്ഞു. പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്തെന്ന് സി.പി.എം ആരോപിച്ച വോട്ടർമാരെ മാധ്യമങ്ങൾക്ക് മുമ്പിലെത്തിച്ച് മുസ്ലിം ലീഗ്. സി.പി.എം പുറത്തുവിട്ട പ്രവാസികളുടെ പട്ടികയിൽ നാട്ടിലുള്ള മൂന്ന് പേരെയാണ് മാധ്യമങ്ങൾക്ക് മുൻപിലെത്തിച്ചത്.
തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിലെ പ്രവാസി വോട്ടുകൾ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്നായിരുന്നു സി.പി.എമ്മിന്‍റെ ആരോപണം. പ്രവാസികളായ എം സാബിത്ത്, എം മുഹമ്മദ് അൻവർ, കെ.വി താജുദ്ദീൻ എന്നിവർ കള്ളവോട്ട് ചെയ്തെന്നായിരുന്നു സി.പി.എം ആരോപണം. ഇവർ നാട്ടിൽ ഇല്ലെന്നും ഇവരുടെ വോട്ട് മുസ്ലിം ലീഗ് പ്രവർത്തകർ ചെയ്തെന്നുമായിരുന്നു സി.പി.എംവാദം.എന്നാൽ സി.പി.എം കള്ളവോട്ട് ചെയ്തതായി ആരോപിക്കുന്ന മൂന്ന് പേരെയും മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചു. സി.പി.എം കള്ളവോട്ട് ചെയ്തതായി ആരോപിക്കുന്ന പ്രവാസികളായ മൂന്നു പേരും നാട്ടിലുണ്ടെന്നും ജനത്തെ തെറ്റിധരിപ്പിക്കാനുള്ള സി.പി.എം നാടകമാണിതെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുൾ കരിം ചെലേരി പറഞ്ഞു. എം ഷബീർ വോട്ട് ചെയ്തിട്ട് ഗൾഫിലേക്ക് തിരിച്ച് പോയതായും അബ്ദുൾ കരിം പറഞ്ഞു.
സി.പി.എം പ്രവർത്തകർ കാണിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് സി.പി.എം ഓഫീസിൽ വെച്ചാണ്. ജില്ലാ വരണാധികാരിയുടെ കയ്യിലുള്ള പാമ്പുരുത്തിയിലെ ദൃശ്യങ്ങൾ സി.പി.എമ്മിന് എവിടെ നിന്നാണ് കിട്ടിയത്. കണ്ണൂർ കളക്ടറും സി.പി.എമ്മും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും അബ്ദുൾ കരീം ചോദിച്ചു.
സി.പി.എം പുറത്തുവിട്ട പട്ടികയിൽ 21-ാം നമ്പർ വോട്ടർ കെ.പി ജാബീറാണ്. എന്നാൽ തെരഞ്ഞെട്ടുപ്പ് കമ്മീഷന്‍റെ വോട്ടർ പട്ടികയിൽ പി കമാലാണുള്ളത്. കളളവോട്ട് ചെയ്തതായി സി.പി.എം ആരോപിച്ച മുഹമ്മദ് ഫായിസും സി.പി.എം ആരോപണങ്ങളെ തളളി രംഗത്ത് വന്നിരുന്നു.
വീഡിയോ സ്റ്റോറി കാണാം:
https://www.youtube.com/watch?v=U6Nx8dtnBHY