കണ്ണൂർ മണ്ഡലത്തിലെ 118 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെ യുഡിഎഫ് പ്രവർത്തകർ പിടികൂടി പൊലീസിലേൽപിച്ചിട്ടും നടപടിയുണ്ടായില്ല. പ്രിസൈഡിങ് ഓഫീസർ പൊലീസിൽ പരാതി നൽകാൻ തയ്യാറാവാതിരുന്നതാണ് കള്ളവോട്ട് ചെയ്ത ആളെ പൊലീസ് വെറുതെ വിടാൻ കാരണം.
അമേരിക്കയിലുള്ള മിഥുൻ ഗൗതം എന്ന വിദ്യാർഥിയുടെ വോട്ടാണ് തായത്തെരു സ്വദേശി റംസീൽ ചെയ്തത്. തടയാൻ യുഡിഎഫ് പോളിങ് ഏജന്‍റുമാർ ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ റംസീലിന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുകയായിരുന്നു. മിഥുൻ ഗൗതം അമേരിക്കയിലാണെന്ന് എൽഡിഎഫ് പോളിങ് ഏജന്‍റാണ് പറഞ്ഞത്.
ആൾമാറാട്ടം നടത്തി വോട്ട് ചെയ്ത് പുറത്തിറങ്ങിയ റംസീലിനെ യുഡിഎഫ്, എൻഡിഎ പ്രവർത്തകർ പിടികൂടിയപ്പോൾ സിപിഎം നേതാക്കളെത്തി മോചിപ്പിക്കാൻ ശ്രമിച്ചു.ഇത് സംഘർഷത്തിന് കാരണമായി.തുടർന്ന് പൊലീസെത്തി റംസീലിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി.
യുഡിഎഫ് പോളിങ് ഏജന്‍റ് പ്രിസൈഡിങ് ഓഫീസർ ടി.സി.അജീലേഷിന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയ്യാറായില്ല. പരാതി പൊലീസിന് കൈമാറാതെ പ്രിസൈഡിംഗ് ഓഫീസർ കള്ളവോട്ട് ചെയ്തയാളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. പരാതി ലഭിക്കാത്തതിനാൽ പൊലീസും റംസീലിനെ കേസ്സൊന്നും എടുക്കാതെവെറുതെ വിട്ടു.ഇതിനെതിരെ യുഡിഎഫ് ജില്ലാ വരണാധികാരിക്കും പരാതി നൽകിട്ടുണ്ട്. ഇതിന് ശേഷം യുഡിഎഫ് പ്രവർത്തകർ മർദ്ദിച്ചുവെന്നാരോപിച്ച് റംസീൽ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണുരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതി ഉൾപ്പടെയുളളവർ റംസീലിനെ സന്ദർശിക്കുകയും ചെയ്തു.