ഹസാരെ സമരം തുടരുന്നു; ആരോഗ്യനില മോശം; അനുനയ നീക്കവുമായി ബി.ജെ.പി

Saturday, February 2, 2019

മുംബൈ: ലോക്പാല്‍ – ലോകായുക്ത നിയമനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരെയുടെ നിരാഹാരസമരം നാലാംദിവസത്തിലേക്ക്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുനയനീക്കങ്ങള്‍ തള്ളിയ അദ്ദേഹം, സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. അതേസമയം, ഹസാരെയുടെ ആരോഗ്യനില മോശമായിതുടങ്ങിയതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്വന്തംഗ്രാമമായ മഹാരാഷ്ട്ര റാളെഗണ്‍ സിദ്ധിയില്‍, ബുധനാഴ്ചയാണ് അണ്ണാഹസാരെ സമരം ആരംഭിച്ചത്. സമരം നാലാംദിവസത്തിലേക്ക് കടക്കുമ്പോള്‍ ,മഹാരാഷ്ട്ര സര്‍ക്കാര്‍ അനുനയശ്രമങ്ങളും തുടരുകയാണ്. ലോകായുക്ത നിയമനം സംബന്ധിച്ച തീരുമാനം സംസ്ഥാനമന്ത്രിസഭ കൈക്കൊണ്ടത് അദ്ദേഹത്തെ ധരിപ്പിച്ചെങ്കിലും, ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രംനല്‍കിയ ഉറപ്പ്പാലിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം. അനുകൂലതീരുമാനം എന്നുവരുന്നോ, അന്നുവരെ പിന്‍മാറില്ലെന്നാണ് ഹസാരെയുടെ നിലപാട്.

ഇതിനിടെ, അണ്ണാഹസാരെയുടെ ആരോഗ്യനിലയില്‍ നേരിയ വ്യത്യാസംകണ്ടുതുടങ്ങിയതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തസമ്മര്‍ദവും, രക്തത്തിലെ പഞ്ചാസാരയുടെ അളവും കൂടി. നില കൂടുതല്‍ വഷളാകുന്ന സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്കുമാറ്റിയേക്കും. കാര്‍ഷികപ്രശ്‌നങ്ങളുടെ പരിഹാരവും സമരത്തിന്റെ ഒരാവശ്യമായതിനാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും കര്‍ഷകസംഘടനകളും ഹസാരെയെ പിന്തുണയ്ക്കുന്നുണ്ട്.