ഡോ. വന്ദനാ ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്; പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

Jaihind News Bureau
Thursday, March 19, 2026

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ വധക്കേസില്‍ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ആണ് വിധി പ്രസ്താവിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നീതിക്കായി വന്ദനയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

യാതൊരു പ്രകോപനവുമില്ലാതെ ഡ്യൂട്ടിക്കിടയിലുണ്ടായ ഈ കൊലപാതകം ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ’ കേസായാണ് പ്രോസിക്യൂഷന്‍ കണക്കാക്കുന്നത്. അതിനാല്‍ തന്നെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ശക്തമായ നിലപാടിലാണ് അന്വേഷണസംഘം. വിചാരണ വേളയില്‍ 70-ലേറെ സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.

പ്രതിയായ കുടവട്ടൂര്‍ സ്വദേശി സന്ദീപിന് മാനസിക അസ്ഥിരത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു തുടക്കം മുതല്‍ പ്രതിഭാഗം ശ്രമിച്ചത്. എന്നാല്‍, ശാസ്ത്രീയമായ വൈദ്യപരിശോധനകളിലൂടെ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് പ്രോസിക്യൂഷന് വലിയ നേട്ടമായി. മാനസിക രോഗം അഭിനയിച്ച് അന്വേഷണം വഴിതിരിച്ചുവിടാനുള്ള സന്ദീപിന്റെ ശ്രമങ്ങള്‍ പോലീസ് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു.

2023 മെയ് 10-നാണ് കേരളത്തെ നടുക്കിയ ആ ക്രൂരകൃത്യം നടന്നത്. പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച അധ്യാപകനായ സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്രസിങ് റൂമിലിരിക്കെ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.