ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച; സൗദിയില്‍ മാസപ്പിറവി കണ്ടില്ല

Jaihind News Bureau
Wednesday, March 18, 2026

 

റിയാദ്: സൗദി അറേബ്യയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) മാര്‍ച്ച് 20 വെള്ളിയാഴ്ച. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും ദൃശ്യമാകാത്തതിനെത്തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കാന്‍ ഔദ്യോഗിക തീരുമാനമായി.

സൗദി അറേബ്യയ്ക്ക് പുറമെ യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുന്നാള്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ രാജ്യങ്ങളിലെ വിശ്വാസികള്‍ വ്യാഴാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഈദ് ആഘോഷങ്ങളിലേക്ക് കടക്കും. അതേസമയം, ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും. മുസ്ലിം കലണ്ടര്‍ പ്രകാരം ഒമാനില്‍ നാളെയാണ് 29-ാം രാവ്. നാളെ മാസപ്പിറവി കണ്ടാല്‍ ഒമാനിലും വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും. അല്ലാത്തപക്ഷം ശനിയാഴ്ചയാകും അവിടെ പെരുന്നാള്‍.

കേരളത്തിലും മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച വൈകുന്നേരത്തോടെയുണ്ടാകും. നാളെ മാസപ്പിറവി ദൃശ്യമായാല്‍ കേരളത്തിലും വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കാനാണ് സാധ്യത.