മകളുടെ വീട്ടില്‍ വിരുന്നെത്തി; പിന്നാലെ മിസൈലാക്രമണം: അലി ലാറിജാനിയെ ഇസ്രയേല്‍ കുടുക്കിയത് ഇങ്ങനെ

Jaihind News Bureau
Wednesday, March 18, 2026

ടെഹ്റാന്‍: ഇറാന്റെ പ്രതിരോധ നയങ്ങളുടെ ശില്പിയും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവിയുമായ അലി ലാറിജാനിയെ ഇസ്രയേല്‍ വധിച്ചത് അതിസാഹസികമായ നീക്കത്തിലൂടെയെന്ന് റിപ്പോര്‍ട്ട്. ടെഹ്റാനിന്റെ പ്രാന്തപ്രദേശമായ പര്‍ദീസില്‍ മകളുടെ വീട് സന്ദര്‍ശിക്കുന്നതിനിടെയാണ് ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയത്. ലാറിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും കീഴുദ്യോഗസ്ഥനും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം ഇസ്രയേലിന്റെ ഒന്നാം നമ്പര്‍ ലക്ഷ്യമായിരുന്നു അലി ലാറിജാനി. കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനെ വെട്ടിച്ച് വിവിധ ഇടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇതിനിടെ പലതവണ ലാറിജാനി തങ്ങിയിരുന്ന കേന്ദ്രങ്ങളില്‍ ഇസ്രയേലി സംഘമെത്തിയെങ്കിലും അദ്ദേഹം അവിടെനിന്നും കടന്നുകളഞ്ഞിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പര്‍ദീസിലെ മകളുടെ വീട്ടില്‍ അദ്ദേഹം എത്തിയെന്ന കൃത്യമായ വിവരം ഇസ്രയേലിന് ലഭിച്ചു.

അതീവ രഹസ്യമായി നീങ്ങിയിരുന്ന ലാറിജാനിയെ കണ്ടെത്താന്‍ ഇസ്രയേലിനെ സഹായിച്ചത് ടെഹ്റാനിലെ പ്രാന്തപ്രദേശത്തുള്ള താമസക്കാര്‍ നല്‍കിയ വിവരമാണെന്ന് ഒരു ഇസ്രയേലി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ ഭീഷണി നിലനില്‍ക്കുമ്പോഴും ഖുദ്സ് ദിന റാലിയിലടക്കം ലാറിജാനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് നാട്ടുകാര്‍ക്ക് അദ്ദേഹത്തെ എളുപ്പം തിരിച്ചറിയാന്‍ സഹായകമായി. ഈ ‘വിലപ്പെട്ട രഹസ്യവിവര’മാണ് കൃത്യമായ ആക്രമണത്തിലേക്ക് ഇസ്രയേലിനെ നയിച്ചത്.

ഖമേനിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും ഇറാന്റെ സുരക്ഷാ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയുമായിരുന്നു 67-കാരനായ അലി ലാറിജാനി. അദ്ദേഹത്തിന്റെ മരണം ഇറാന്റെ രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ലാറിജാനിയുടെ വധത്തിന് ഇസ്രയേല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ സൈനിക മേധാവി അമിര്‍ ഹത്താമി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.